ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) പുറത്തുവന്നു. പ്രതികൾ കൃത്യം നടത്തിയത് എങ്ങനെയെന്ന് വിവരിക്കുന്നതാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആർ.
ലോക്സഭയിൽ പൊട്ടിച്ച പുകത്തോക്ക് പ്രതികൾ സ്പോർട്സ് ഷൂവിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് അകത്തുകടത്തിയത്. ഡി. മനോരഞ്ജനും സാഗർ ശർമയും ലോക്സഭയിലേക്ക് കൊണ്ടുവന്ന ലഘുലേഖകളിലൊന്നിൽ ത്രിവർണത്തിന്റെ പശ്ചാത്തലത്തിൽ മുഷ്ടിയുടെ ചിത്രമാണുള്ളത്. ഇതിൽ ജയ് ഹിന്ദ് എന്ന് ഇംഗ്ലീഷിലുണ്ട്.
മറ്റൊരു ലഘുലേഖയിൽ മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ലഘുലേഖകൾ ലോക്സഭയിലേക്ക് കൊണ്ടുവന്നത്.
ബുധനാഴ്ച ശൂന്യവേളയിലാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിൽനിന്ന് ഇരുവരും ചാടിയിറങ്ങി പുകത്തോക്കിൽനിന്ന് മഞ്ഞവാതകം പ്രസരിപ്പിച്ചത്. ഇതേസമയം, പാർലമെന്റിന് പുറത്ത് അമോൽ ഷിൻഡെയും നീലം ദേവിയും പുകത്തോക്ക് പൊട്ടിച്ച് മുദ്രാവാക്യം മുഴക്കി. നാലു പേർക്കെതിരെയും യു.എ.പി.എ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്.
പാർലമെന്റിന് അകത്തും പുറത്തും പൊട്ടിച്ച പുകത്തോക്കിന് പുറത്ത് ‘കണ്ണടകളും കൈയുറകളും ധരിക്കണം’ എന്ന മുന്നറിയിപ്പും നിർദേശങ്ങളും ഉണ്ടായിരുന്നു. ‘പ്രത്യേക മേൽനോട്ടമുള്ള സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കണം’, ‘മെയ്ഡ് ഇൻ ചൈന’ എന്നിങ്ങനെയും തോക്കിന് പുറത്ത് രേഖപ്പെടുത്തിയിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു.
സാഗർ ശർമയുടെ ഇടതു ഷൂസിന്റെ ഉള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിലാണ് തോക്ക് ഒളിപ്പിച്ചത്. കനം കൂട്ടുന്നതിനായി ഷൂസിന്റെ അടിയിൽ റബർ പാളികളും ഉപയോഗിച്ചിരുന്നു. മനോരഞ്ജന്റെ ഇടതു ഷൂസിന്റെ അകത്തും സമാനമായ രീതിയിൽ അറയുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഷൂസിന്റെ വലതുവശത്ത് ഭാഗികമായി കീറലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.