ഏകാന്തത സഹിക്കാൻ പറ്റുന്നില്ല; ജയിലിൽ കൂടുതൽ തടവുകാരെ വേണം- സത്യേന്ദർ ​ജെയിൻ

ന്യൂഡൽഹി: കടുത്ത ഏകാന്തത അനുഭവിക്കുന്നതിനാൽ സെല്ലിൽ കൂടുതൽ തടവുകാരെ അനുവദിക്കണമെന്ന ഡൽഹി മുൻ മന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദർ ജെയിനിന്റെ ആവശ്യം ജയിൽ അധികൃതർ അംഗീകരിച്ചു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ തീരുമാനം മാറ്റുകയും ചെയ്തു. കഴിഞ്ഞ വർഷം അറസ്റ്റിലായതു മുതൽ അതീവ സുരക്ഷയോടെ ഏകാന്തതടവിൽ കഴിയുകയാണ് സത്യേന്ദർ ജെയിൻ. ഈ മാസം 11നാണ് കൂടുതൽ തടവുകാരെ കൂട്ടായി വേണമെന്ന് അഭ്യർഥിച്ച് അദ്ദേഹം ജയിൽ അധികൃതർക്ക് കത്തയച്ചത്. ഏകാന്തത മൂലം വിഷാദത്തിലേ​ക്ക് എത്തിയെന്നും അത് പരിഹരിക്കാൻ കൂടുതൽ ആളുകളുമായി സാമൂഹിക ഇടപെടലുകൾ ആവശ്യമാണെന്നുമായിരുന്നു കത്തിൽ ചൂണ്ടിക്കാട്ടിയത്.

''കടുത്ത ഏകാന്തത മൂലം വിഷാദം അനുഭവിക്കുകയാണ്. സാമൂഹികമായ ഇടപെടലുകൾ മൂലമേ ഇത് പരിഹരിക്കാൻ സാധിക്കൂ എന്നാണ് ചികിത്സിച്ച സൈക്യാട്രിസ്റ്റ് പറഞ്ഞത്. തടവറയിലേക്ക് രണ്ടോ, മൂന്നോ പേർ കൂടിയുണ്ടെങ്കിൽ ഇതു പരിഹരിക്കാമെന്നാണ് ഡോക്ടർ മുന്നോട്ടുവെച്ച നിർദേശം.''-എന്നാണ് ജെയിൻ കത്തിൽ സൂചിപ്പിച്ചത്.

ഏതൊക്കെ തടവുകാരെ വേണമെന്നും അ​ദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് ജയിൽ സൂപ്രണ്ട് രണ്ട് തടവുകാരെ കൂടി ജെയിനിന്റെ സെല്ലിലേക്ക് മാറ്റി. ഇക്കാര്യം ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഉടൻ തന്നെ ഇവരെ പഴയ സെല്ലിലേക്ക് തന്നെ മാറ്റി.

ആരോടും ചർച്ച ചെയ്യാതെയാണ് സൂപ്രണ്ട് സ്വന്തം നിലക്ക് തീരുമാനമെടുത്തതെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. സത്യേന്ദർ ജെയിനിന് ജയിലിൽ വി.ഐ.പി പരിഗണന നൽകുന്നുവെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ജയിൽ സൂപ്രണ്ടിനെ സസ്​പെൻഡ് ചെയ്തിരുന്നു. ജയിലിൽ ജയിൻ ആഡംബര ജീവിതം നയിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ തെളിവായി നൽകുകയും ചെയ്തിരുന്നു. സെല്ലിൽ ജെയിനിനെ ഒരാൾ മസാജ് ചെയ്യുന്നതും മറ്റ് തടവുകാരുമായി ഇടപഴകുന്നതും ഫ്രൂട്സ് സലാഡ് കഴിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ത​ന്നെ കാണാനെത്തിയവരുമായി ബെഡിലിരുന്ന് സംസാരിക്കുന്നതായിരുന്നു മറ്റൊരു ദൃശ്യത്തിൽ. കഴിഞ്ഞ വർഷം മേയിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Security risk flagged after delhi ex minister seeks company in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.