ന്യൂഡൽഹി: പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ വേണ്ടി രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് ഡൽഹി കോടതി. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ വ്യാജവിഡീയോ പോസ്റ്റ് ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ രണ്ട്പേർക്ക് ജാമ്യം നൽകിക്കൊണ്ടാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ധർമേന്ദർ റാണയുടെ നിരീക്ഷണം. ദേവി ലാൽ ബർദക്ക്, സ്വരൂപ് റാം എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
സെക്ഷൻ 124 A പ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ച നടക്കേണ്ടതുണ്ട്. സമൂഹത്തിൽ സമാധാനം നിലനിർത്തുന്നതിന് ഭരണകൂടത്തിന്‍റെ കൈയിലുള്ള ശക്തമായ ഒരു ഉപകരണമാണിത്. കലാപം അടിച്ചമർത്താനെന്ന വ്യാജേന പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ വേണ്ടി ഈ സെക്ഷൻ ഉപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹി പൊലീസിൽ കലാപം-200 പൊലീസ് ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചു എന്ന ടാഗ് ലൈനിൽ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു എന്നതാണ് ബർദക്കിന് എതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാർഖണ്ഡ് സർക്കാറിനെതിെര ഹോംഗാർഡുകൾ പരാതി പറയുന്ന വിഡിയോ ആയിരുന്നു ഇതെന്നാണ് പ്രോസിക്യൂഷന്‍റെ വിശദീകരണം.
ഇതേ ടാഗ് ലൈനിൽ മറ്റൊരു വിഡിയോ ആണ് റാം പോസ്റ്റ് ചെയ്തത്. കർഷക സമരത്തെ എങ്ങനെ നേരിടണമെന്ന് ഉയർന്ന പൊലീസ് ഓഫിസർ മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന രംഗമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ താൻ ഈ വിഡിയോ കോർട്ട്റൂമിൽ വെച്ച് കണ്ടതായി ജഡ്ജ് വെളിപ്പെടുത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വളരെ വൈകാരികമായ അവസ്ഥയിൽ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ആണത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അടുത്ത് തന്നെ നിൽക്കുന്നതും വിഡിയോയിൽ കാണാം. റാം ഈ വിഡിയോ ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തത്.- ജഡ്ജി പറഞ്ഞു.
50,000 രൂപയുടെയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് ജഡ്ജി ഇവരെ ജാമ്യത്തിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.