ഇന്ത്യൻ പാർലമെന്റ് സംവിധാനത്തിൽ ലോക്സഭയുടെ നാഥനാണ് സ്പീക്കർ. എൻ.ഡി.എ സ്ഥാനാർഥിയായി മുൻ സ്പീക്കർ ഓം ബിർലയും ഇൻഡ്യ മുന്നണി നേതാവായി കൊടിക്കുന്നിൽ സുരേഷുമാണ് മത്സര രംഗത്തുള്ളത്. നേരത്തെ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയാൽ എൻ.ഡി.എ നിശ്ചയിക്കുന്ന സ്പീക്കർ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഇൻഡ്യ മുന്നണി അറിയിച്ചിരുന്നു. എന്നാൽ, അതിന് ഭരണപക്ഷം വഴങ്ങാതായതോടെയാണ് മത്സരമുണ്ടായത്.
ഭരണഘടന അനുച്ഛേദം 93ലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരിക്കുന്നത്. സാധാരണഗതിയിൽ, സഭാനേതാവ് നിർദേശിക്കുന്ന (ഇവിടെ പ്രധാനമന്ത്രി മോദി) സ്പീക്കർ സ്ഥാനാർഥിയെ ശബ്ദവോട്ടോടെ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ, സ്പീക്കർ സ്ഥാനത്തേക്ക് മത്സരം വന്ന സാഹചര്യത്തിൽ രഹസ്യ ബാലറ്റ് വോട്ടിങ് ഏർപ്പെടുത്തും. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർഥി വിജയിക്കും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1952ലെ പ്രഥമ പാർലമെന്റിൽ സ്പീക്കറെ ബാലറ്റിലൂടെയാണ് തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായ ജി.വി. മാവ്ലങ്കറുടെ പേര് നിർദേശിച്ചു.
എന്നാൽ, പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കമ്യൂണിസ്റ്റ് കക്ഷിയായ പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ പ്രതിനിധി ശങ്കർ ശാന്താറാം മോറിന്റെ പേരും നിർദേശിച്ചു. സമവായ ചർച്ച നടന്നെങ്കിലും അവസാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. 55നെതിരെ 394 വോട്ടിന് മാവ്ലങ്കർ വിജയിച്ചു.
1976ൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അടിയന്തരാവസ്ഥക്കാലമാണ്. പാർലമെന്റിന്റെ കാലാവധി നീട്ടിയപ്പോൾ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കേണ്ടിവരുകയായിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബി.ആർ. ഭഗതിനെയാണ് നിർദേശിച്ചത്. എന്നാൽ, സംഘടനാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആളുകൾ ജനസംഘം നേതാവ് ജഗന്നാത്രാവോ ജോഷിയെയും നിർത്തി. 58നെതിരെ 344വോട്ടുകൾക്ക് ഭഗത് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.