അർണബിന് പ്രത്യേക പരിഗണനയുണ്ടോ? ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ

ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്ത്. അടിയന്തരമായി ഹരജി ലിസ്റ്റ് ചെയ്തത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദേശിച്ചത് കൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്നും ബാർ അസോസിയേഷൻ പ്രസിഡന്‍റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അർണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്.

മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അർണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അർണബിനും നീതി തേടാനുള്ള അവസരമുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നം. ആഴ്ചകളും മാസങ്ങളും ആയിട്ടും ഹരജികൾ പരിഗണിക്കാൻ വൈകുന്നിടത്താണ് അർണബ് ഹരജി നൽകുമ്പോൾ ഒരു ദിവസം കൊണ്ട് പരിഗണിക്കാൻ ലിസ്റ്റ് ചെയ്യുന്നത്.

അർണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണ്. മുതിർന്ന അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിന്‍റെ ഹരജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ജാമ്യം നൽകുമ്പോഴേക്കും മാസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നു.

ചില ആളുകൾക്കും ചില അഭിഭാഷകർക്കും പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. ചീഫ് ജസ്റ്റിസിന്‍റെ പ്രത്യേക ഉത്തരവില്ലാതെ ഇത്തരം അസാധാരണ ലിസ്റ്റിങ് നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതോ, സെക്രട്ടറി ജനറലോ രജിസ്ട്രാറോ അർണബിന് പ്രത്യേക പരിഗണന നൽകുന്നുണ്ടോയെന്നും ദുഷ്യന്ത് ദവേ ചോദിച്ചു. 

കംപ്യൂട്ടർവത്കൃതമായി ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതെന്ന് പറയപ്പെടുന്ന ഒരു സംവിധാനത്തിൽ എങ്ങിനെ സെലക്ടീവ് ലിസ്റ്റിങ് നടക്കുന്നു. ലിസ്റ്റിങ്ങിലെ അപാകതക്കെതിരെ തനിക്ക് നിരവധി അഭിഭാഷകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ പ്രേരണകുറ്റം ചുമത്തിയാണ്​ അർണബിനെ മുംബൈ പൊലീസ് നവംബർ നാലിന്​ അറസ്​റ്റ്​ ചെയ്​തത്​. ഫിറോസ്​ ഷെയ്​ക്ക്​, നിതേഷ്​ ദാർദ എന്നിവരെയും ഒപ്പം അറസ്റ്റ് ചെയ്തിരുന്നു. കീഴ്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് തലോജ ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് അർണബ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.