ഹൈദരാബാദ്: കാമുകിയെ അമേരിക്കയിലേക്ക് അയച്ചതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയുടെ പിതാവിനു നേരെ വെടിവെപ്പ് നടത്തി. എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച പ്രതിയായ ബൽവീന്ദർ സിങ്ങിനെ (25) ഹൈദരാബാദ് സരൂർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിവെപ്പിൽ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ കാമുകിയുടെ പിതാവ് രേവന്ദ് ആനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് പെൺകുട്ടിയെ അമേരിക്കയിലേക്ക് അയച്ചതാണ് യുവാവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ ബൽവീന്ദർ സിങ് പെൺകുട്ടിയുടെ പിതാവുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു.
ബൽവീന്ദർ സിങ് എയർ ഗണ്ണുമായി കോംപ്ലക്‌സിനുള്ളിൽ പ്രവേശിക്കുന്നതും വെടിവെച്ച ശേഷം രക്ഷപ്പെടുന്നതും കെട്ടിടത്തിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ബന്ധത്തെച്ചൊല്ലി ബൽവീന്ദർ നേരത്തെ തന്നോട് വഴക്കിട്ടിരുന്നതായി രേവന്ദ് ആനന്ദ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബൽവീന്ദറിനെതിരെ സെക്ഷൻ 109 (കൊലപാതകശ്രമം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ, ആയുധ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.