ഭുവനേശ്വർ: മുതിർന്ന നേതാവും ഒഡീഷ മുൻ മന്ത്രിയുമായ ഗണേശ്വർ ബെഹ്‌റ കോൺഗ്രസിൽനിന്ന് രാജിവെച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശരത് പട്ടനായകിന് അദ്ദേഹം രാജി കത്ത് കൈമാറി. കോൺഗ്രസ് പ്രവർത്തകനായും എം.എൽ.എയായും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് ബെഹ്‌റ പാർട്ടിക്ക് നന്ദി പറഞ്ഞു.
ബെഹ്റ ബി.ജെ.ഡിയിൽ ചേരുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ബി.ജെ.ഡി സംവരണ മണ്ഡലമായ കേന്ദ്രപരയിൽ നിന്ന് ബെഹ്റയെ മത്സരിപ്പിക്കാനാണ് സാധ്യത. 2019ലെ തെരഞ്ഞെടുപ്പിൽ ബെഹ്‌റയെ 6,320 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.ഡിയുടെ ശശി ഭൂഷൺ ബെഹ്‌റ വിജയിച്ചത്. തന്‍റെ അഭ്യുദയകാംക്ഷികളും മണ്ഡലത്തിലെ വോട്ടർമാരും തന്നെ ബി.ജെ.ഡിയിൽ ചേരാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ബെഹ്‌റ പറഞ്ഞിരുന്നു.
മുൻ ഒ.പി.സി.സി വർക്കിങ് പ്രസിഡന്‍റും മുൻ എം.എൽ.എയുമായ ചിരഞ്‌ജിബ് ബിസ്വാൾ, മുൻ മന്ത്രി സുരേന്ദ്ര സിങ് ഭോയ്, സിറ്റിങ് എം.എൽ.എ അധിരൻ പാണിഗ്രാഹി, മുൻ എം.എൽ.എ കെ. സൂര്യ റാവു, അൻസുമാൻ മൊഹന്തി എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ സമീപകാലത്ത് ബി.ജെ.ഡിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.