ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയവരിൽ ഗുണനിലവാരമില്ലാത്ത മരുന്ന് പുറത്തിറക്കിയതിന് അന്വേഷണം നേരിട്ട ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികളും. ഈ കമ്പനികൾ ഇലക്ടറൽ ബോണ്ട് വാങ്ങിയ സമയത്താണ് അന്വേഷണം നടന്നതെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽനിന്നും തുടർനടപടികളിൽനിന്നും രക്ഷപ്പെടുന്നതിനും അവിഹിതമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുമാണ് കമ്പനികൾ ബോണ്ട് വാങ്ങിയതെന്നാണ് ആരോപണം.
ബോണ്ട് വാങ്ങിയവരിൽ ഹെറ്റെറോ ലാബ്സ്, ഹെറ്റെറോ ഹെൽത്കെയർ
ഹൈദരാബാദ് ആസ്ഥാനമായ ഈ മരുന്ന് നിർമാണ കമ്പനി വിവിധ സമയങ്ങളിലായി 60 കോടി രൂപയുടെ ബോണ്ടാണ് വാങ്ങിയത്. 2022 ഏപ്രിലിൽ 39 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് ആദ്യം വാങ്ങിയത്. അതിന് 10 മാസം മുമ്പ് ഗുണനിലവാരമില്ലാത്ത മരുന്നിെന്റ പേരിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്പനിക്ക് ആറ് നോട്ടീസുകൾ നൽകിയിരുന്നു. ഇതിൽ മൂന്നെണ്ണം കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ച റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നുമായി ബന്ധപ്പെട്ടതാണ്. മഹാമാരിക്കാലത്ത് ബിസിനസ് വിപുലപ്പെടുത്താൻ കമ്പനിയെ സഹായിച്ചത് ഈ മരുന്നാണ്.
ലാബ് ടെസ്റ്റിൽ ഈ മരുന്നിൽ തെളിമയുള്ള ദ്രാവകത്തിന് പകരം മഞ്ഞ നിറത്തിലുള്ള ദ്രാവകം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 2021 ജൂലൈയിൽ കമ്പനിക്ക് നോട്ടീസ് നൽകി. രണ്ടാമത്തെ പരിശോധനയിൽ മരുന്നിെന്റ അളവ് ശരിയായ അനുപാതത്തിൽ ഇല്ലെന്ന് കണ്ടെത്തി. മൂന്നാമത്തെ സാമ്പിൾ പരിശോധനയിൽ മരുന്ന് വ്യാജമാണെന്നും കണ്ടെത്തി. വ്യാജ മരുന്ന് കണ്ടെത്തിയാൽ കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാക്കാവുന്നതാണ്.
ടോറന്റ് ഫാർമ
2019 മുതൽ 2024 വരെയുള്ള കാലയളവിൽ 77.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് ഗുജറാത്ത് ആസ്ഥാനമായ കമ്പനി വാങ്ങിയത്. ഈ കമ്പനി നിർമിച്ച ആന്റി േപ്ലറ്റ്ലറ്റ് മരുന്നായ ഡിപ്ലാറ്റ് -150 ഗുണനിലവാരമില്ലാത്തതാണെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2018ൽ കണ്ടെത്തിയിരുന്നു. ഗുണനിലവാര പരിശോധനയിൽ തുടർച്ചയായി പരാജയപ്പെട്ടതിന് 2019ൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്പനിക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.
സൈഡസ് ഹെൽത്കെയർ
2022നും 2023നുമിടയിൽ 29 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് കമ്പനി വാങ്ങി. 2021ൽ ബിഹാർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്പനി ഉൽപാദിപ്പിച്ച റെംഡെസിവിർ മരുന്നിെന്റ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് ഉപയോഗിച്ച പലരിലും ദോഷഫലങ്ങളുമുണ്ടായി. എന്നാൽ, ഗുജറാത്ത് മരുന്ന് നിയന്ത്രണ ഏജൻസി സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയോ കമ്പനിക്കെതിരെ നടപടി എടുക്കുകയോ ചെയ്തില്ല.
െഗ്ലൻമാർക്ക്
ഗുണനിലവാരമില്ലാത്ത മരുന്നിെന്റ പേരിൽ 2022നും 2023നുമിടയിൽ കമ്പനിക്ക് അഞ്ച് നോട്ടുകൾ ലഭിച്ചു. ഇതിൽ നാലെണ്ണം നൽകിയത് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ്. 2022ൽ കമ്പനി 9.75 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.
സിപ്ല
2019 മുതൽ 39.2 കോടി രൂപയുടെ േബാണ്ടുകളാണ് കമ്പനി വാങ്ങിയത്. 2018നും 2022നും ഇടയിൽ നാല് കാരണം കാണിക്കൽ നോട്ടീസുകൾ കമ്പനിക്ക് ലഭിച്ചിരുന്നു. റെംഡെസിവിർ മരുന്നായ സിപ്രെമിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും രണ്ട് നോട്ടീസുകൾ ലഭിക്കുകയും ചെയ്തിരുന്നു.
ഐ.പി.സി.എ ലബോറട്ടറീസ്
2022നും 2023നുമിടയിൽ 13.5 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. അണുബാധ തടയുന്നതിനുള്ള ലാറിയാഗോ എന്ന മരുന്ന് ഗുണനിലവാരമില്ലാത്തതാണെന്ന് 2018ൽ കണ്ടെത്തിയിരുന്നു.
ഇന്റാസ് ഫാർമാസ്യൂട്ടിക്കൽ
2022ൽ 20 കോടി രൂപയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. 2022ൽ കമ്പനിയുടെ എനാപ്രിൽ -5 എന്ന ടാബ്ലറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് മഹാരാഷ്ട്ര എഫ്.ഡി.എ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.