ചെന്നൈ: ശിവകാശിക്ക് സമീപം സ്വകാര്യ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വിരുതുനഗർ ജില്ലയിലെ ശിവകാശി ചെങ്കമലപട്ടിയിലെ ശരവണന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീ സുദർശൻ ഫയർ വർക്സ്’ പടക്ക നിർമാണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് പൊട്ടിത്തെറിയുണ്ടായത്.
ലൈസൻസോടെ പ്രവർത്തിക്കുന്ന യൂനിറ്റിൽ 50 മുറികളിലായി 200ഓളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഏഴ് മുറികൾ നിലംപരിശായി. ഫാൻസി ഇനത്തിൽപ്പെട്ട പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് തീപിടിച്ചതെന്ന് കരുതുന്നു. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനശബ്ദം കേട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷസേനയും ചേർന്ന് തീയണച്ചു. പരിക്കേറ്റവരെ ശിവകാശി ഗവ. ആശുപത്രിയിലെത്തിച്ചു.
സ്ഫോടനത്തെ തുടർന്ന് പലയിടങ്ങളിലായി പടക്കം തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. സ്ഥാപന ഉടമകളായ ശരവണൻ, മകൻ സുദർശനൻ എന്നിവർക്കെതിരെ റവന്യൂ- പൊലീസ് അധികൃതർ കേസെടുത്തു. സംഭവത്തിൽ അനുശോചിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിക്കുശേഷം നഷ്ടപരിഹാര തുക നൽകുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.