കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കൽ പദവിയിൽനിന്ന് മാറിനിൽക്കണമെന്ന് ജലന്ധർ രൂപതയിലെ ഒരുവിഭാഗം വൈദികർ. പുരോഹിതർക്കുള്ള മാസധ്യാനത്തിനിടെയാണ് അന്വേഷണം തീരുംവരെയെങ്കിലും ബിഷപ് മാറിനിൽക്കണമെന്ന ആവശ്യം അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് വൈദികരും വിശ്വാസികളും ഡൽഹി ആർച് ബിഷപ്പിന് കത്ത് നൽകി.
ഇതേ ആവശ്യമുന്നയിച്ച് കേരളത്തിലെ വിശ്വാസിസമൂഹത്തിെൻറ പ്രതിനിധികളും വൈദികരും നേരത്തേ കത്ത് നൽകിയിരുന്നു. തനിക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയ കാര്യം ബിഷപ് ഫ്രാങ്കോ മുളക്കൽ യോഗത്തെ അറിയിച്ചപ്പോഴായിരുന്നു ബിഷപ് മാറിനിൽക്കണമെന്ന ആവശ്യം ഉയർന്നത്. ലൈംഗികവിവാദം സഭയെയും വിശ്വാസികളെയും ബാധിച്ചെന്നും ക്രൈസ്തവസമൂഹം ഇതിെൻറ പേരിൽ നാണക്കേട് സഹിക്കുകയാണെന്നും ഒരു വികാരി പറഞ്ഞു. ഇദ്ദേഹത്തെ പിന്തുണച്ച് കൂടുതൽ വൈദികർ രംഗത്തെത്തി.
തുടർന്ന് മറുപടിയുമായി ബിഷപ്പിനെ പിന്തുണക്കുന്നവരും എഴുന്നേറ്റതോടെ രൂക്ഷമായ ഭിന്നതയായി. ആരോപണങ്ങളുടെ പേരിൽ മാത്രം രാജിവെക്കില്ലെന്നായി ബിഷപ്പ്. ഒടുവിൽ വികാരി ജനറൽ മാത്യു കോക്കണ്ടം ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്നാണ് ഈ ആവശ്യം ഉന്നയിച്ച് ഡൽഹി ആർച് ബിഷപ്പിന് കത്തയച്ചത്. ചിലർ ഫോണിലും പരാതി അറിയിച്ചു. അതിനിടെ സഭയുടെ സൽപേര് വീണ്ടെടുക്കാൻ ഉപവാസപ്രാർഥന നടത്തണമെന്ന് ജലന്ധർ രൂപത ആഹ്വാനം ചെയ്തു. കുറ്റാരോപിതനായ ബിഷപ്പിനെ പ്രാർഥനയിൽ ഓർക്കണമെന്ന് സന്ദേശത്തിലുണ്ട്. കർദിനാൾ മാർ ആലഞ്ചേരിക്കും പരാതി നൽകിയിരുന്നെന്ന കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച മൊഴിയെടുക്കും. ബുധനാഴ്ച കേരളത്തിലെ അേന്വഷണം പൂർത്തിയാക്കും.
അടുത്തയാഴ്ച ജലന്ധറിലെത്തി ബിഷപ്പിെൻറ മൊഴിയെടുക്കും. ബിഷപ്പിനെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന നിർദേശം പൊലീസ് തലപ്പത്തുണ്ടെങ്കിലും ആഭ്യന്തര വകുപ്പിെൻറ തീരുമാനത്തിന് കാക്കുകയാണ്. കുരുക്ക് മുറുകിയതോടെ വത്തിക്കാനിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കേന്ദ്രസർക്കാറിന് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.