ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതി ജഡ്ജിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന വനിത ജഡ്ജിക്ക് പുനർനിയമനം നൽകാൻ സുപ്രീംകോടതി നിർദേശം. ഹൈകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ എം.പിമാർ രംഗത്തിറങ്ങിയതു വരെയുള്ള സംഭവ പരമ്പരകൾക്ക് ശേഷമാണ് സുപ്രധാനമായ വിധി.
2014ലാണ് വനിതയായ അഡീഷനൽ ജില്ല ജഡ്ജി രാജിവെച്ചത്. സ്ഥലം മാറ്റിയതിനെ തുടർന്നായിരുന്നു ഇത്. തന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഹൈകോടതി ജഡ്ജിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാത്തതിന് നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്നും പുനർനിയമനം നടത്താൻ നിർദേശം നൽകണമെന്നും കാണിച്ച് വനിത ജഡ്ജി പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു.
വനിത ജഡ്ജി സ്വമേധയാ രാജിവെക്കുകയായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായി എന്നിവർ നിരീക്ഷിച്ചു. രാജി സ്വീകരിക്കാനുള്ള ഹൈകോടതി തീരുമാനം റദ്ദാക്കിയാണ് പുനർനിയമനത്തിന് മധ്യപ്രദേശ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചത്.
ഹരജിക്കാരിയെ സർവിസിൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാൻ നേരത്തെ സുപ്രീംകോടതി മധ്യപ്രദേശ് ഹൈകോടതിയെ ഉപദേശിച്ചിരുന്നു. എന്നാൽ, ഈ അഭ്യർഥന സ്വീകരിക്കാനാവില്ലെന്ന തീരുമാനമാണ് ഹൈകോടതിയുടെ ഫുൾകോർട്ട് എടുത്തത്. ഇത് ശരിയായോ എന്ന വിഷയത്തിലേക്ക് തങ്ങൾ കടക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.