ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഈ മാസം 18ന് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ. വിവിധ വിദ്യാർഥി സംഘടനകൾക്കു പുറമെ തൊഴിലാളി സംഘടനകളും കർഷക സംഘടനകളും മഹിള സംഘടനകളും അടക്കം പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നും അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു.
വി.പി. സാനുവും രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലെ എസ്.എഫ്.ഐ നേതാക്കളും ഞായറാഴ്ച ജന്തർമന്തറിലെ സമരവേദി സന്ദർശിച്ചു. ബ്രിജ് ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ഏപ്രിൽ 23ന് ആരംഭിച്ച ഗുസ്തി താരങ്ങളുടെ സമരം 22 ദിവസം പിന്നിട്ടു.
ജനങ്ങളെ കേൾക്കാൻ തയാറായില്ലെങ്കിൽ ബി.ജെ.പി ഇനിയും തോൽക്കുമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇത് തങ്ങളെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണ്. കേന്ദ്രസർക്കാർ നയം രാജ്യത്തിന് നല്ലതല്ല. ഒളിമ്പിക്സ് മെഡൽ ജേതാക്കളെ എങ്ങനെയാണവർ അവഗണിക്കുകയെന്നും സമരക്കാർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.