നാഗ് പുർ: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ പരാമർശത്തെ പരിഹസിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മോദീ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു- എന്നാണ് ശരദ് പവാർ പറഞ്ഞത്.
ഈ രാജ്യത്തെ മുൻപ്രധാനമന്ത്രിക്കെതിരെയും പ്രതിരോധ ഉദ്യോഗസ്ഥൻമാർക്കെതിരെയുമാണ് താങ്കൾ ആരോപണം ഉന്നയിക്കുന്നതെന്ന് ഓർക്കണമെന്നും മുൻപ്രതിരോധ മന്ത്രിയായിരുന്ന പവാർ പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളോ കർഷകരുടെ പ്രശ്നങ്ങളോ പരിഹരിക്കാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിഭാഗീയത സൃഷ്ടിക്കാനായി പാകിസ്താനെ കൊണ്ടുവരുന്നതെന്നും നാഗ്പൂരിൽ കോൺഗ്രസും എൻ.സി.പിയും സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെ പവാർ പറഞ്ഞു.
മോദി ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അന്തസ്സ് തരംതാഴ്ത്തുന്ന പ്രവൃത്തിയാണെന്നും പവാർ പറഞ്ഞു.
സഖ്യകക്ഷിയായ ശിവസേനയും മോദിക്കെതിരെ രംഗത്ത് വന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പാകിസ്താനെ ഉപയോഗിച്ചത് അധാർമികമായ രീതിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
പാകിസ്താൻ ഉന്നത ഉദ്യോഗസ്ഥർക്കുവേണ്ടി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ഒരുക്കിയ വിരുന്നിൽ വെച്ച് ബി.ജെ.പിക്കെതിരായ ഗൂഡാലോചന നടന്നുവെന്നും ഇതിൽ മൻമോഹൻ സിങ്ങും പങ്കെടുത്തിരുന്നു എന്നുമായിരുന്നു മോദിയുടെ ആരോപണം. ഞായറാഴ്ച ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആരോപണം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.