2024 പൊതുതിരെഞ്ഞടുപ്പിൽ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. മോദി സർക്കാരിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പൊതു മിനിമം പരിപാടിയുടെമേൽ ഐക്യം ഉണ്ടാക്കണമെന്നും പവാർ പറഞ്ഞു.
ഹരിയാനയിൽ നിന്നുള്ള നേതാക്കളെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ നേരിടാനുള്ള പൊതു മിനിമം പരിപാടിക്കുകീഴിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻ.സി.പി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭിന്നതകൾ മാറ്റിവച്ച് ബി.ജെ.പി വിരുദ്ധ വേദിയിൽ ഒന്നിക്കണമെന്നും പവാർ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു.
ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിച്ച് പൊതു അഭിപ്രായം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേസമയം, പ്രായമായതിനാൽ അധികാര സ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും എൻ.സി.പി മേധാവി വ്യക്തമാക്കി. 2014 മുതൽ നരേന്ദ്ര മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും പവാർ ആരോപിച്ചു. ചെറിയ പാർട്ടികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയാണ് ബിജെപിയുടെ അജണ്ട. ഇത് മറികടക്കേണ്ടതുണ്ടെന്നും എൻസിപി നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.