മണിപ്പൂരിൽ സംഭവിച്ചത് മഹാരാഷ്ട്രയിലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ശരദ് പവാർ

മുംബൈ: മണിപ്പൂരിൽ സംഭവിച്ച സംഘർഷ സാഹചര്യം മഹാരാഷ്ട്രയിലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എൻ.സി.പി-എസ്.പി നേതാവ് ശരദ് പവാർ. മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും ശ്രമിക്കുന്നില്ലെന്നും പവാർ വിമർശിച്ചു. മഹാരാഷ്ട്രയിൽ മറാത്തകളും പിന്നാക്ക വിഭാഗക്കാരും തമ്മിൽ സംവരണത്തെ ചൊല്ലി അഭിപ്രായ ഭിന്നതകൾ രൂക്ഷമായ പശ്ചാത്തലത്തിൽകൂടിയാണ് പവാറിന്‍റെ പരാമർശം.

'മണിപ്പൂരിൽ സംഭവിച്ച സംഘർഷം മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകുന്നുണ്ട്. കർണാടകയിൽ സംഭവിച്ചു. ഉടൻതന്നെ മഹാരാഷ്ട്രയിലും അങ്ങനെ സംഭവിക്കുമോയെന്ന് ആശങ്കയുണ്ട്. ഭാഗ്യവശാൽ, സമത്വത്തിനും സാഹോദര്യത്തിനും ആഹ്വാനംചെയ്ത നിരവധി നായകരുടെ പാരമ്പര്യം മഹാരാഷ്ട്രക്കുണ്ട്' -പവാർ പറഞ്ഞു.

മണിപ്പൂരിൽ കാലങ്ങളായി ഒരുമിച്ചു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ ഇന്ന് പരസ്പരം മിണ്ടാൻ പോലും തയാറാകുന്നില്ല. ഭരണകൂടം ഈ പ്രശ്നം അഭിസംബോധന ചെയ്യണം. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണം. ഐക്യമുണ്ടാക്കണം. നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ, ദൗർഭാഗ്യവശാൽ നമ്മുടെ ഭരണാധികാരികൾ അങ്ങോട്ട് നോക്കുകപോലും ചെയ്തിട്ടില്ല. സംഘർഷം ബാധിച്ച ജനങ്ങളെ നേരിൽകണ്ട് സമാശ്വാസിപ്പിക്കണമെന്ന് പോലും പ്രധാനമന്ത്രിക്ക് തോന്നിയില്ല -പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ സംവരണവുമായി ബന്ധപ്പെട്ട് ജനവിഭാഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ നീക്കാനുള്ള സംഭാഷണങ്ങൾ നടക്കുന്നില്ല. മുഖ്യമന്ത്രി ഒരു വിഭാഗത്തോട് മാത്രം സംസാരിക്കുന്നു. മറ്റൊരു വിഭാഗം മറ്റ് ചിലരുമായി സംസാരിക്കുന്നു. ഇത് തെറ്റിദ്ധാരണയുണ്ടാക്കും -നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പവാർ പറഞ്ഞു. 

Tags:    
News Summary - Sharad Pawar Raises Concerns Over Potential Violence In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.