മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. രാമക്ഷേത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും ശരത് പവാർ കുറ്റപ്പെടുത്തി.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാൻ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബി.ജെ.പി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ശരത് പവാർ പറഞ്ഞു. ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. നിരവധി പേർ ഇതിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിക്ക് മുമ്പ് രാമക്ഷേത്രത്തിനായി പ്രവർത്തിച്ചവരാണ് ശിവസേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നിലപാട്. ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഇതോടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഇൻഡ്യ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായി.
നേരത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിച്ചതിന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് നന്ദിയറിയിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ 6,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.