ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ എൻ.സി.പി ദേശീയ കൺവൻഷൻ നടക്കവെ, മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ പകുതി വെച്ച് ഇറങ്ങിപ്പോയി. പാർട്ടി നേതാവ് ശരത് പവാറിന്റെ മുന്നിൽ നിന്നാണ് അജിത് പവാർ ഇറങ്ങിപ്പോയത്. തനിക്കു മുമ്പേ എൻ.സി.പി നേതാവ് ജയന്ത് പാട്ടീലിന് യോഗത്തിൽ പ്രസംഗിക്കാൻ അവസരം നൽകിയതാണ് അജിത് പവാറിനെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.
എൻ.സി.പിയിലെ ഭിന്നതയാണ് ഇതോടെ മറ നീക്കിയത്. അതേസമയം, ദേശീയ തലത്തിലുള്ള യോഗമായതിനാലാണ് സംസാരിക്കാതിരുന്നതെന്ന് അജിത് പവാർ പിന്നീട് വ്യക്തമാക്കുകയുണ്ടായി. എന്നാൽ യോഗം ശരത്പവാർ അവസാനിപ്പിക്കുന്നതിനു തൊട്ടു മുമ്പ് അജിത് പവാർ സംസാരിക്കുമെന്ന് എൻ.സി.പി എം.പി പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല. ഇതറിഞ്ഞ ശേഷം അജിത് പവാർ വാഷ്റൂമിലേക്ക് പോയതാണെന്നും തിരിച്ചുവന്നയുടൻ പ്രവർത്തകർക്കു മുന്നിൽ സംസാരിക്കുമെന്നും പട്ടേൽ തിരുത്തി. യോഗത്തിൽ അജിത് പവാറിനായി വൻ കരഘോഷമാണുയർന്നത്.
അതിനിടെ, പ്രസംഗിക്കണമെന്ന് പറഞ്ഞ് എൻ.സി.പി എം.പി സുപ്രിയ സുലെ നിർബന്ധിക്കുന്നതും കാണാമായിരുന്നു. അജിത് പവാർ തിരിച്ചെത്തിയപ്പോഴേക്കും ശരത് പരാർ യോഗം അവസാനിപ്പിക്കാനായി പ്രസംഗം തുടങ്ങിയിരുന്നു.
ശനിയാഴ്ചയാണ് ശരത് പവാറിനെ എൻ.സി.പി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്. ഐ.എൻ.സിയിൽ നിന്ന് പിളർന്ന് 1999 ൽ പി.എ. സാങ്മ, താരീഖ് അൻവർ എന്നിവരുമായി ചേർന്ന് പാർട്ടി ആരംഭിച്ചതു മുതൽ അധ്യക്ഷ സ്ഥാനത്ത് തുടരുകയാണ് പവാർ. നിലവിൽ സുനിൽ തത്കാരെ, പ്രഫുൽ പട്ടേൽ എന്നിവരാണ് എൻ.സി.പി ജനറൽ സെക്രട്ടറിമാർ. അജിത് പവാർ മഹാരാഷ്ട്ര നിയമ സഭ പ്രതിപക്ഷ നേതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.