ചങ്ങനാശ്ശേരി: മന്നം ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി എൻ.എസ്.എസ് ആസ്ഥാനത്തെത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തരൂർ കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നേൽ സുരേഷ് എം.പിയും തരൂരിനൊപ്പം ഉണ്ടായിരുന്നു.
മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. മന്നം ജയന്തി സമ്മേളനം ശശി തരൂർ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജി. സുകുമാരൻ നായർ നിർവഹിക്കും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും.
മതേതരത്വവും ജനാധിപത്യവും തകർക്കാൻ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്നലെ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു രാഷ്ട്രീയക്കാരും സർക്കാറും നമ്മളെ സഹായിക്കില്ല. സ്വാർഥലാഭത്തിനു വേണ്ടി ഇരു വള്ളത്തിൽ കാലു ചവിട്ടുന്നവർ ശ്രദ്ധിക്കണം. വലിയ ആദർശം പറയുന്നവർ ആദർശം ഒരു വഴിക്കാക്കി കാലത്തിനനുസൃതമായ മാറ്റം ഉൾക്കൊള്ളുന്നത് നാം തിരിച്ചറിയണം. സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാവും. സർക്കാറുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും പൊതുനയമാണ്.
സർക്കാറുകളോട് ഇനിയും അതേ നയം തുടരും. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരനിലപാട് ആണ്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ല, അതുപോലെതന്നെ രാഷ്ട്രീയപാർട്ടികൾ എൻ.എസ്.എസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.
ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക ജീവിതത്തിനും സാമ്പത്തികഭദ്രതക്കും ഉതകുന്നതാവണം ഭാവി വികസന പ്രവർത്തനങ്ങൾ. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാറിന്റെ ധാർമിക ഉത്തരവാദിത്തമാണ് എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.