ന്യൂഡൽഹി: നാഗാലാൻഡിലെ യുവാക്കളുമായി അടുത്തിടെ നടത്തിയ രസകരമായ സംവാദത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. എങ്ങനെയാണ് ഒരാള്‍ക്ക് അത്ഭുതപ്പെടുത്തുന്ന വിധം സുന്ദരനും ഊര്‍ജസ്വലനും അതേസമയം ബുദ്ധിശാലിയും സമർഥനുമാകാന്‍ സാധിക്കുന്നത് എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. അതിന്റെ രഹസ്യം പങ്കുവെക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. അതിന് ഉച്ചത്തിലുള്ള പൊട്ടിച്ചിരിയായിരുന്നു ആദ്യം ശശി തരൂരിന്റെ മറുപടി.
''ഇതില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കുക. ഇതൊക്കെ ജീനില്‍ ഉള്‍പ്പെടുന്നതാണ്. ഇതിനെല്ലാമുപരി നിങ്ങള്‍ എല്ലാവരും നന്നായി ജോലി ചെയ്യണം''- എന്നായിരുന്നു തരൂരിന്റെ മറുപടി.
താന്‍ നല്ല വായനാശീലമുള്ളയാളാണെന്നും ചെറുപ്പകാലം മുതലേ അത് തന്റെ ശീലമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു കാര്യം ഞാന്‍ പഠിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നന്നായി സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങള്‍ ഒരിക്കല്‍ അങ്ങനെ സംസാരിക്കുകയാണെങ്കില്‍ നിങ്ങളുടെ ആത്മ വിശ്വാസം വര്‍ധിക്കും. എന്നാല്‍ നിങ്ങളുടെ കാഴ്ചപ്പാട് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതൊരു കടമ്പയാണ്. അത് നിങ്ങള്‍ക്ക് പരിശീലനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ആളുകളോട് സംസാരിക്കുകയും അവരുടെ പ്രതികരണം എങ്ങനെയാണെന്ന് മനസിലാക്കുകയും വേണം. നിങ്ങള്‍ സംസാരിക്കുന്നത് ചിലപ്പോള്‍ ശരിയാകും, ചിലപ്പോള്‍ ശരിയാകില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ ലജ്ജ തോന്നാം. പക്ഷേ വീണ്ടും പരിശീലിച്ച് അത് മനോഹരമാക്കണം''-അദ്ദേഹം തുടർന്നു. ചില കാര്യങ്ങളില്‍ നിരന്തരം പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ ദൈവത്തോട് നന്ദി പറയണമെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
'അടുത്തിടെ ഞാന്‍ നാഗാലാൻഡില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. അത് ഇവിടെ ചേര്‍ക്കുന്നു' എന്ന് പറഞ്ഞാണ് തരൂര്‍ വീഡിയോ പങ്ക് വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.