ഗുവാഹത്തി: കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള പോക്കിന് തടയിടുമെന്ന് ശശി തരൂർ. ഇതാണ് തന്റെ മുന്നിലുള്ള ആദ്യ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച ആളുകൾ ഗാന്ധി കുടുംബത്തിന് എതിരല്ല. അവർ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും ശശി തരൂർ പറഞ്ഞു.
ഗാന്ധി കുടുംബം എപ്പോഴും കോൺഗ്രസിനൊപ്പമാണ്. ആര് തെരഞ്ഞെടുപ്പിൽ ജയിച്ചാലും അത് കോൺഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് താനും ഖാർഗെയും കോൺഗ്രസ് പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
ഖാർഗെക്കൊപ്പം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഖാർഗെ എവിടെ പോകുമ്പോഴും മുതിർന്ന നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ, താൻ എവിടെ പോവുമ്പോഴും സാധാരണ ജനങ്ങളാണ് കൂടെയുള്ളതെന്നും തരൂർ പറഞ്ഞു.
പുതിയ പ്രസിഡന്റിന് കീഴിൽ കോൺഗ്രസ് വീണ്ടും ജനങ്ങൾക്കായി പ്രവർത്തിക്കും. 2024 പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള ദൗത്യം. ദേശീയതലത്തിൽ സഖ്യം രൂപീകരിക്കുകയെന്നതും പാർട്ടിക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവനേതാക്കളിൽ നിന്നും തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഖാർഗെ എന്റെ കൂടി നേതാവാണ്. ഞങ്ങൾ ശത്രുക്കളല്ല. കോൺഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.