നമ്മുടെ വ്യവസ്ഥിതിയോട് പൊരുതി ഈ പെൺകുട്ടിക്ക് മടുത്തിരിക്കുന്നു; വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ ശശി തരൂർ

ന്യൂഡൽഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. ഈ വ്യവസ്ഥിതിയിൽ അവർ മനംമടുത്തിരിക്കുന്നു എന്നാണ് തരൂർ ഹിന്ദിയിൽ എക്സിൽ കുറിച്ചത്. വിനേഷ് ധീരതയുടെയും ശക്തിയടെയും പര്യായമാണെന്നായിരുന്നു കോൺഗ്രസ് എം.പി ഗൗരവ് ​ഗൊഗോയ് പ്രതികരിച്ചത്. ''ഈ പെൺകുട്ടി നമ്മുടെ വ്യവസ്ഥിതിയോട് പൊരുതി മടുത്തിരിക്കുന്നു.​''-എന്നാണ് ശശി തരൂർ കുറിച്ചത്.ഗുസ്‍തി താരങ്ങൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം നയിച്ചവരിൽ മുൻനിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്.

''വിനേഷ് ഫോഗട്ട്. നിങ്ങളൊരിക്കലും പരാജിതയല്ല. ധീരതയുടെയും ശക്തിയുടെയും പ്രതീകമാണ്.​​​​ ഈ വിഷമം പിടിച്ച സന്ദർഭത്തിൽ രാജ്യം അഭിമാനത്തോടെ നിങ്ങൾക്കൊപ്പമുണ്ട്.''-എന്നാണ് ഗൗരവ് ഗൊഗോയ് കുറിച്ചത്.

ഒളിമ്പിക്സ് അയോഗ്യതക്കു പിന്നാലെ എക്സ് പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഗുസ്തിയിൽനിന്ന് വിരമിക്കുകയണെന്ന് പ്രഖ്യാപിച്ചത്. ​''ഗുസ്തി ജയിച്ചു. ഞാൻ പരാജയപ്പെട്ടു. എല്ലാവരും ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നടിഞ്ഞു. ഇനിയെനിക്ക് കരുത്തില്ല. 2001 മുതൽ 2024 വരെയുള്ള കരിയറിനോട് വിടപറയുകയാണ്.''-എന്നാണ് വിനേഷ് എക്സിൽ കുറിച്ചത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധിയാളുകളാണ് നിരാശപ്പെടുത്തുന്ന തീരുമാനം പിൻവലിക്കണമെന്ന് വിനേഷിനോട് ആവശ്യപ്പെട്ടത്.

വനിതാ ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത വന്നിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവർ അയോഗ്യയായത്. കലാശപ്പോരിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

Tags:    
News Summary - Shashi Tharoor on Vinesh Phogat's retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.