ശിവപാലിനെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റണമെന്ന ഉപാധിയുമായി അഖിലേഷ്

ലഖ്നൗ: യു.പിയിലെ ഭരണകക്ഷിയായ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പാർട്ടി നേതാവ് മുലായം സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അഖിലേഷിന്‍റെ മുഖ്യ എതിരാളിയായ ശിവപാൽ യാദവിനെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റിയാൽ ദേശീയ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് താൻ ഒഴിയാമെന്ന് അഖിലേഷ് ഉപാധി വെച്ചതായാണ് വിവരം.

അതിനിടെ സൈക്കിൾ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് യാദവും സംഘവും തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. 90 ശതമാനം എംഎൽഎമാരും അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുവെന്നും അഖിലേഷ് നയിക്കുന്ന പാർട്ടിയെ യഥാർഥ എസ്പി ആയി കാണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചുവെന്നും അഖിലേഷിന്റെ അമ്മാവനും മുതിർന്ന എസ്പി നേതാവുമായ രാം ഗോപാൽ യാദവ് പറഞ്ഞു.

സൈക്കിള്‍ ചിഹ്നവും പാര്‍ട്ടിയുടെ പേരും ആസ്തിയും തന്‍െറ പക്ഷത്തിന് വേണമെന്ന് ആവശ്യപ്പെട്ട് മുലായം സിങ്ങും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ്​ എസ്.പിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​. അഖിലേഷ് പക്ഷത്തെ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് ലഖ്നോവില്‍ വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ മുലായം സിങ്ങിനെ മാറ്റി മകന്‍ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.

ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും മുലായം ക്യാമ്പിലെ ശക്തനായ അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത അഖിലേഷ്-രാംഗോപാല്‍ സഖ്യം മുലായത്തിന് ശക്തമായ താക്കീതും നല്‍കി.

എന്നാല്‍, ഈ തീരുമാനം തള്ളിക്കളഞ്ഞ മുലായം രാംഗോപാല്‍ യാദവിനെ ആറുവര്‍ഷത്തേക്ക്​ പാർട്ടിയിൽ നിന്ന്​ പുറത്താക്കി. ദേശീയ വൈസ് പ്രസിഡന്‍റ് കിരണ്‍മോയ് നന്ദ, മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. ‘ഭരണഘടനവിരുദ്ധ’ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് നടപടിയെന്നും ദേശീയ കണ്‍വെന്‍ഷന്‍ അസാധുവാണെന്നും വ്യാഴാഴ്ച ദേശീയ കണ്‍വെന്‍ഷന്‍ ചേരുമെന്നും മുലായം അറിയിച്ചു.

Tags:    
News Summary - Shift Shivpal Yadav to Central Politics, Akhilesh Tells Mulayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.