ഏക്നാഥ് ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേന; ഉദ്ധവിന് തിരിച്ചടിയായി സ്പീക്കറുടെ പ്രഖ്യാപനം

മുംബൈ: ശിവസേനയിലെ പിളർപ്പിനു പിന്നാലെ ഇരുപക്ഷവും നൽകിയ അയോഗ്യത ഹരജികൾ തള്ളി മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള കൂറുമാറിയ എം.എൽ.എമാർക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗവും ഉദ്ധവ് പക്ഷത്ത് ശേഷിച്ചവർക്കെതിരെ ഷിൻഡെ പക്ഷവും നൽകിയ ഹരജികളാണ് സ്പീക്കർ തള്ളിയത്.

54 എം.എൽ.എമാർക്കെതിരായ 34 ഹരജികളാണ് വിചാരണക്കൊടുവിൽ തള്ളിയത്. യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്ന് കണ്ടെത്തിയാണ് വിധി. പാർട്ടി അധ്യക്ഷന് പരമാധികാരം നൽകി 2018ൽ ഭേദഗതിചെയ്ത ശിവസേനയുടെ ഭരണഘടന തള്ളിയ സ്പീക്കർ ദേശീയ എക്സിക്യൂട്ടിവിന് പരമാധികാരം നൽകുന്ന 1999 ലെ ഭരണഘടനയാണ് പരിഗണിച്ചത്.

ഇതുപ്രകാരം ഷിൻഡെയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർകക്ഷിയായ ഉദ്ധവ് പക്ഷം രൂപപ്പെടുമ്പോൾ 54 ൽ 37 എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ ഷിൻഡെക്കുണ്ടായിരുന്നുവെന്നും അതിനാൽ ഷിൻഡെയെ നിയമസഭ കക്ഷി നേതാവായും ഭരത് ഗോഗോവാലയെ ഷിൻഡെ പക്ഷ ചീഫ് വിപ്പായും നിയമിച്ചത് നിയമാനുസൃതമാണെന്നും സ്പീക്കർ പറഞ്ഞു.

ഉദ്ധവ് പക്ഷ ചീഫ്വിപ്പ് സുരേഷ് പ്രഭു വിളിച്ച യോഗത്തിൽ ഷിൻഡെ അടക്കമുള്ളവർ പങ്കെടുക്കാതിരുന്നത് അയോഗ്യതക്ക് കാരണമാകില്ല. യോഗത്തിൽ വിട്ടുനിൽക്കൽ വിയോജിപ്പിന്റെ ഭാഗമാകാം. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഭരണഘടനയുടെ 10ാം ഷെഡ്യൂൾ പരിഗണിക്കാനാകില്ല-വിധിയിൽ പറഞ്ഞു.

സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് പക്ഷത്തിന് എതിരായ അയോഗ്യത ഹരജികൾ തള്ളിയത്. ഉദ്ധവ്പക്ഷ എം.എൽ.എമാർ സ്വമേധയാ അംഗത്വം ഉപേക്ഷിച്ചെന്ന ഷിൻഡെ പക്ഷത്തിന്റെ ആരോപണത്തിൽ തെളിവില്ല.

ഉദ്ധവ് പക്ഷ എം.എൽ.എമാർക്ക് വിപ്പ് നൽകിയെന്ന വാദവും തെളിയിക്കാനായില്ലെന്ന് സ്പീക്കർ വിധിയിൽ പറഞ്ഞു. ‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന’ വിധിയെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഭരത് ഗോഗോവാലയെ ചീഫ് വിപ്പായി അംഗീകരിച്ചത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ഉദ്ധവ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് അയോഗ്യത ഹരജികളിൽ വാദംകേട്ട് ബുധനാഴ്ച സ്പീക്കർ വിധി പറഞ്ഞത്. 

‘വിധി സുപ്രീംകോടതി പരാമർശത്തിന് വിരുദ്ധം’

മുംബൈ: ശിവസേനയിലെ പിളർപ്പിനെ തുടർന്ന് എതിർപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും നൽകിയ ഹരജികൾ തള്ളിയ മഹാരാഷ്ട്ര സ്പീക്കറുടെ വിധി സുപ്രീംകോടതി നിരീക്ഷണങ്ങൾക്ക് വിരുദ്ധം. ഉദ്ധവ് താക്കറെ പക്ഷവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷവും നൽകിയ ഹരജികളിൽ കഴിഞ്ഞ മേയ് 11ന് വിധിപറയവെ വിശ്വാസവോട്ട് തേടാനുള്ള അന്നത്തെ ഗവർണർ ഭഗത്സിങ് കോശിയാരിയുടെ നിർദേശവും ഷിൻഡെ പക്ഷത്തിന്റെ നിയമസഭ കക്ഷി നേതാവ്, വിപ്പ് നിയമനങ്ങൾ അംഗീകരിച്ച സ്പീക്കറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഷിൻഡെയെ നിയമസഭ കക്ഷി നേതാവായും ഭരത് ഗോഗോവാലയെ ചീഫ്വിപ്പായും ഷിൻഡെ പക്ഷം നിയമിച്ചതിനെ അംഗീകരിച്ചാണ് സ്പീക്കർ രാഹുൽ നർവേക്കർ ബുധനാഴ്ച അയോഗ്യത ഹരജികളിൽ വിധി പറഞ്ഞത്.

വിധി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും സുപ്രീംകോടതിയെ അവഹേളിക്കലാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. സ്പീക്കറുടേത് ജുഡീഷ്യൽ വിധിയല്ലെന്നും രാഷ്ട്രീയ ഉത്തരവാണെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സുപ്രീംകോടതിയിൽ വിധി ഉദ്ധവിനെ തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എമാർക്കെതിരായ അയോഗ്യത ഹരജികളിൽ നിശ്ചിത സമയപരിധിക്കകം തീർപ്പാക്കാൻ കോടതി സ്പീക്കർക്ക് നിർദേശം നൽകിയിട്ടും എട്ടു മാസത്തിനുശേഷമാണ് വിധി പറഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം. സുപ്രീംകോടതിയുടെ അന്ത്യശാസനയെ തുടർന്നാണ് ബുധനാഴ്ച വിധി പറഞ്ഞത്. ഇരുപക്ഷത്തിനുമിടയിൽ ബാലൻസ് ചെയ്യുന്നതാണ് വിധി.

വിധിക്കെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നതോടെ കൂടുതൽ സമയം ലഭിക്കുമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു. ഷിൻഡെയെ അയോഗ്യനാക്കിയാൽ അത് വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു.

Tags:    
News Summary - Shinde faction real Shiv Sena, Uddhav had no power to remove him: Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.