ഗ്യാന്‍വാപിയിലെ ശിവലിംഗം ക്ഷേത്രത്തിന്‍റെ സാന്നിധ്യമാണ് വ്യക്തമാക്കുന്നതെന്ന് വി.എച്ച്.പി

ലഖ്നോ: ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതിലൂടെ ഒരു ക്ഷേത്രം അവിടെ സ്ഥിതി ചെയ്തിരുന്നുവെന്ന് വ്യക്തമായതായി വിശ്വഹിന്ദു പരിഷത്ത്. വീഡിയോ സർവേക്കിടെ മസ്ജിദിലെ മുറിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയത് സന്തോഷകരമായ വാർത്തയാണെന്ന് വി.എച്ച്.പി പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു. കണ്ടെത്തിയ തെളിവുകളെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും അലോക് കുമാർ വ്യക്തമാക്കി.

കോടതി വിധി വന്നതിന് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും ജൂൺ 11, 12 തീയതികളിൽ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കേന്ദ്രീയ മാർഗദർശക് മണ്ഡലിൽ വി.എച്ച്.പി ഇക്കാര്യം അവതരിപ്പിക്കുമെന്നും അലോക് കുമാർ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്. മസ്ജിദിനുള്ളിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്ന് മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

വീഡിയോ സർവേക്കെത്തിയ കമീഷൻ മസ്ജിദിൽ അംഗസ്നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് പരാതിക്കാരനായ അഭിഭാഷകന്‍റെ വാദം. ശിവലിംഗം സംരക്ഷിക്കാൻ കോടതിയെ സമീപിച്ചതായും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

മസ്ജിദിനുമേൽ അവകാശം ഉന്നയിക്കുന്ന വിഭാഗത്തി​ന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചിരുന്നു. എന്നാൽ, കമീഷൻ അംഗങ്ങൾ ഇതുവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

Tags:    
News Summary - ‘Shiv linga’ at Gyanvapi proves existence of temple: VHP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.