രാമക്ഷേത്രത്തിന്‍റെ പേരിലുള്ള വ്യാപക ഫണ്ട് സമാഹരണം 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ബി.ജെ.പിക്കെതിരെ ശിവസേന

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ബി.ജെ.പി വ്യാപക ഫണ്ട് സമാഹരണം നടത്തുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് പഴയ സഖ്യകക്ഷികൾക്ക് നേരെ സേന കടുത്ത വിമർശനമുന്നയിച്ചത്. അയോധ്യയിൽ രാമക്ഷേത്രം പുനർനിർമിക്കുന്നത് പൂർണ്ണമായും രാജ്യത്തെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണെന്ന് ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൊതുസംഭാവനകൾ സ്വീകരിച്ചുകൊണ്ട് രാമക്ഷേത്രം നിർമിക്കാമെന്ന് ഒരുകാലത്തും തീരുമാനമെടുത്തിരുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. ശ്രീരാമന്‍റെ പേരിലുള്ള രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കാൻ സമയമായെന്നും ലേഖനം പറയുന്നു.

അടിസ്ഥാനപരമായി രാമക്ഷേത്രം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ നിർമിക്കപ്പെടുന്നതല്ല. രാജ്യത്തെ ഹിന്ദു സ്വാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനാണ്.

രാമക്ഷേത്രത്തിന് സംഭാവന സ്വീകരിക്കാനുള്ള പ്രചാരണത്തിന് നാല് ലക്ഷത്തോളം വളണ്ടിയർമാരാണ് രംഗത്തുള്ളത്. ഈ മാസ് കാമ്പയിൻ 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഈ വളണ്ടിയർമാർ ആരാണെന്നും ഏത് സംഘടനയിൽ പെട്ടവരാണെന്നും വ്യക്തമാക്കണം.

രാമക്ഷേത്രത്തിനായി നൂറുകണക്കിന് കർസേവകരാണ് രക്തവും ജീവനും നൽകി ത്യാഗം ചെയ്തത്. ഈ രാമക്ഷേത്രം സംഭാവനകളിലൂടെയാണോ നിർമിക്കേണ്ടത്. രാമക്ഷേത്രത്തിന്‍റെ പേരിൽ സംഭാവനകൾക്കായി വളണ്ടിയർമാർ ഇറങ്ങുമ്പോൾ കർസേവകരെ അപമാനിക്കലാണ്. ക്ഷേത്രത്തിനായുള്ള പോരാട്ടം രാഷ്ട്രീയപരമായിരുന്നില്ല, അത് ഹൈന്ദവ വികാരത്തിന്‍റെ വിസ്ഫോടനമായിരുന്നു -ശിവസേന പറ‍യുന്നു.

അതേസമയം, സേന ഉയർത്തിയ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. രാമക്ഷേത്ര നിർമാണം പാർട്ടിക്ക് ഒരു രാഷ്ട്രീയ അജണ്ടയല്ലെന്നും ജനങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനകൾ തടയാനാണ് ശിവസേന ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.

അയോധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കുന്നത് പൂർണ്ണമായും രാജ്യത്തെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണെന്ന് ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാൽ സംഭാവനകൾക്കായി രാജ്യമൊട്ടാകെ ക്യാമ്പെയ്ൻ സംഘടിപ്പിക്കാനാണ് ട്രസ്റ്റിന്‍റെ തീരുമാനം. രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങളിൽ എത്തി 10 കോടിയിലേറെ കുടുംബങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതിനാണ് തീരുമാനം. ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയാണ് ക്യാമ്പയിൻ നടത്തുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.