ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സർനായിക്കിന്‍റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സർനായിക്കിന്‍റെ മകൻ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടർന്നാണ് റെയ്ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. നായിക്കിന്‍റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസിൽ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സർനായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.
മുംബൈയെ പാക്ക് അധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്. അതേസമയം 'എതിരാളികളെ നിശബ്ദരാക്കാൻ' കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് സേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.