മുംബൈയിൽ നിന്ന് സിനിമ വ്യവസായം മാറ്റുന്നത് കുട്ടിയുടെ കയ്യിൽ നിന്ന് ഒരു ചോക്ലേറ്റ് എടുക്കും പോലെ എളുപ്പമല്ല -ശിവസേന

മുംബൈ: വ്യവസായവും ചലച്ചിത്ര നഗരവും മുംബൈയിൽ നിന്ന് മാറ്റുന്നത് കുട്ടിയുടെ കയ്യിൽ നിന്ന് ചോക്ലേറ്റ് എടുക്കും പോലെ എളുപ്പമല്ലെന്ന് ശിവസേന. ഫിലിം സിറ്റി നിർമാണവുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗിയുടെ മുംബൈ സന്ദർശനത്തെ പരാമർശിച്ച് മുഖപത്രമായ സാമ്​നയിൽ വന്ന ലേഖനത്തിലാണ് യോഗിയെ പരിഹസിച്ചത്.'വ്യവസായവും ചലച്ചിത്ര നഗരവും മുംബൈയിൽ നിന്ന് മാറ്റുന്നത് ഒരു കുട്ടിയുടെ കയ്യിൽ നിന്ന് ഒരു ചോക്ലേറ്റ് എടുക്കുന്നതുപോലെ എളുപ്പമല്ല. യോഗിയെ പരിഹാസത്തോടെ 'വിശാല മനസ്കനാണെന്നും'കുറിപ്പിൽ വിശേഷിപ്പിച്ചു.

യോഗി മുംബൈ സന്ദർശിച്ചതിന്‍റെ പ്രധാന ലക്ഷ്യം മുംബൈയിലെന്നപോലെ ഉത്തർപ്രദേശിലും ഏറ്റവും മനോഹരമായ ഹോളിവുഡ് നഗരം പണിയുക എന്നതായിരുന്നു. യമുന തീരത്ത് 1,000 ഏക്കറും അദ്ദേഹത്തിന്‍റെ സർക്കാർ നിർമാണത്തിനായി നൽകിയിട്ടുണ്ട്. വിശുദ്ധൻ ഇപ്പോൾ മുംബൈയിലെത്തി ബോളിവുഡ് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുമായി കൂടിയാലോചിച്ചു -ശിവസേന പറഞ്ഞു.

യു.പിയിൽ തൊഴിലില്ലായ്മയുണ്ട്. ലഖ്‌നൗ, കാൺപൂർ, മീററ്റ് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള കലാകാരന്മാർ, സംഗീതജ്ഞർ, എഴുത്തുകാർ എന്നിവർ മുംബൈയിൽ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിന്​ വർഷങ്ങളായി വരാറുണ്ടായിരുന്നു. യോഗി ഈ ആളുകളെയെല്ലാം തന്നോടൊപ്പം കൊണ്ടുപോകുമോ എന്നും ശിവസേന ചോദിച്ചു.

യോഗിയുടെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷേ മുംബൈയിലെ വ്യവസായങ്ങൾ അപഹരിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് സാധ്യമല്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് നടൻ അക്ഷയ് കുമാറിനെയും ശിവസേന പരിഹസിച്ചു. 'പ്രശസ്ത ഖിലാഡി അക്ഷയ് കുമാർ യോഗിയെ കണ്ടുമുട്ടിയതിന്‍റെ ഫോട്ടോകൾ പ്രചരിക്കുന്നു. അക്ഷയ്​കുമാറിന്‍റെ മഹത്വത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്നും ശിവസേന ചോദിച്ചു. യോഗി ആദിത്യനാഥ് എന്ത് പരിശ്രമം നടത്തിയാലും ചലച്ചിത്ര വ്യവസായം മുംബൈയിൽ നിന്ന് മറ്റൊരിടത്തേക്കും പോവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ് മുഖ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ യോഗി യു.പിയിൽ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡുമായി ബന്ധപ്പെട്ട ചിലരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 1,000 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തുകയും ചെയ്തിരുന്നു. ബുദ്ധ്‌നഗറിലാണ് യുപി സര്‍ക്കാര്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ മുംബൈ കമ്പനികളെ യോഗി ക്ഷണിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.