മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 മുതൽ 50 സീറ്റുകളിൽ മൽസരിക്കുമെന്ന് ശിവസേന. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയുമായി രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ഒരു തരത്തിലുമുള്ള ചർച്ചയും നടന്നിട്ടില്ല. പപ്പു യാദവിന്‍റേത് അടക്കമുള്ള പ്രാദേശിക പാർട്ടികൾ ചർച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ബിഹാറിൽ എൻ.സി.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശിവസേന നീക്കം. ആർ.ജെ.ഡി-കോൺഗ്രസ്- ഇടത് പാർട്ടികൾ, ജെ.ഡി.യു-ബി.ജെ.പി സഖ്യങ്ങൾ സീറ്റ് വിഭജനം പൂർത്തിയാക്കിയിരുന്നു. ബി.എസ്.പി-ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക സമത പാർട്ടി-അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം എന്നിവർ ചേർന്ന് മൂന്നാം സഖ്യവും രൂപീകരിച്ചിട്ടുണ്ട്.
ആകെയുള്ള 243 സീറ്റുകളിൽ നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 122 സീറ്റിലും ബി.ജെ.പി 121 സീറ്റിലും ജനവിധി തേടും. ജെ.ഡി.യുവിന് ലഭിച്ച സീറ്റുകളിൽ ഏഴെണ്ണം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്കും ബി.ജെ.പിക്ക് ലഭിച്ചതിൽ നിന്ന് ഏതാനും സീറ്റുകൾ വികാസ് ഷീൽ ഇൻസാൻ പാർട്ടിക്ക് നൽകും.
ആര്‍.ജെ.ഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലും മത്സരിക്കും. സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് ലഭിച്ച സീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.