മുംബൈ: അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനുമായി ശിവസേന സഖ്യമുണ്ടാക്കില്ലെന്ന് ഉദ്ദവ് താക്കറെ. എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യസാധ്യത സഞ്ജയ് റാവത്ത് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ദവും പാർട്ടി നിലപാട് വ്യക്തമാക്കി മുന്നോട്ടു വന്നത്. ശിവസേന പാർട്ടി എം.പിമാരും ജില്ലാ പ്രസിഡന്റുമാരും സംയുക്തമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പാർട്ടി അംഗങ്ങളോട് സജ്ജമായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.എം.ഐ.എമ്മിനെ ബി.ജെ.പിയുടെ ബി ടീമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ശിവസേനയുടെ ഹിന്ദുത്വം ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമാണെന്നും അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ തോൽപ്പിക്കാൻ വരാനിരിക്കുന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായും എൻ.സി.പിയുമായും സഖ്യത്തിലേർപ്പെടാൻ എ.ഐ.എം.ഐ.എം തയാറാണെന്ന് നേരത്തെ എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീൽ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിൽ ഈ വർഷാവസാനമാണ് സിവിൽ ബോഡി തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024ൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.