നാലുതവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന് കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയിൽ അഞ്ചാമതൊരു ഊഴം കൂടി മധ്യപ്രദേശിൽ ലഭിക്കുമോ? സർക്കാറിനോടുള്ള രോഷത്തിൽ കഴിഞ്ഞ തവണ ബി.ജെ.പി തോറ്റിട്ടും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിലൂടെ വീണ്ടും ഭാഗ്യം തേടിയെത്തിയ ശിവരാജിനെ ഇക്കുറി ഭരണം ലഭിച്ചാലും ബി.ജെ.പി മുഖ്യമന്ത്രിയാക്കുമോ? ഇന്ന് ബൂത്തിലേക്ക് നീങ്ങുന്ന മധ്യപ്രദേശിലെ സാധാരണ വോട്ടർമാർക്കും ബി.ജെ.പി പ്രവർത്തകർക്കും മാത്രമല്ല, മുഖ്യമന്ത്രി ശിവരാജ് സിങ്ങിന് തന്നെയും ഇക്കാര്യത്തിൽ ഒരു നിശ്ചയവുമില്ല.
മറിച്ചാണ് കോൺഗ്രസിന്റെയും കമൽനാഥിന്റെയും അവസ്ഥ. അസാധാരണമായ ആത്മവിശ്വാസത്തിലാണ് ഭോപാലിലെ കോൺഗ്രസ് ആസ്ഥാനം. കോൺഗ്രസ് ഭരണത്തിലേറുമെന്നും കമൽനാഥ് മുഖ്യമന്ത്രിയാകുമെന്നുമുള്ള കാര്യത്തിൽ അവർക്ക് ഒരു സംശയവുമില്ല.
ഇന്ദിര ഗാന്ധിയുടെ കാലം തൊട്ട് ഡോ. മൻമോഹൻ സിങ്ങിന്റെ കാലം വരെ നാല് കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ കമൽനാഥിന്റെ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്ക് ബുദ്ധിപരമായ നീക്കമായിരുന്നോ എന്ന് ഡിസംബർ മൂന്നിന് ഫലം പുറത്തുവരുമ്പോൾ അറിയാം. ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടാളികളും പാർട്ടിവിടുകയും ദിഗ്വിജയ് സിങ് പിന്നണിയിലേക്ക് മാറി നിൽക്കുകയും ചെയ്തതോടെ മധ്യപ്രദേശിൽ ഇപ്പോൾ കോൺഗ്രസ് എന്നാൽ കമൽനാഥ് ആണ്. മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി പാർട്ടിയെ നയിക്കുന്നതും മുഖ്യമന്ത്രി സ്ഥാനാർഥിയായി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതും കമൽനാഥ് തന്നെ.
230 അംഗ നിയമസഭയിൽ 60 മുതൽ 80 വരെമാത്രം സീറ്റ് നേടി ദയനീയ തോൽവി ഉറപ്പിച്ചിടത്തുനിന്ന് കോൺഗ്രസുമായി കടുത്ത മത്സരത്തിലാണെന്ന് പറയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചല്ലോ എന്നതാണ് ബി.ജെ.പി ആസ്ഥാനത്തെ ആശ്വാസം. ഒന്നുകൂടി ആഞ്ഞുപിടിച്ചാൽ ഭരണം നിലനിർത്താനായേക്കാമെന്ന പ്രതീക്ഷക്ക് ബി.ജെ.പി പ്രവർത്തകരെ പ്രേരിപ്പിക്കുകയാണ് നേതാക്കൾ. എന്നിട്ടും ഭരണം കിട്ടുമെന്നും മുഖ്യമന്ത്രി ആരാകുമെന്നും മനസ്സിലുറപ്പിച്ച് പറയാനാകാത്ത അനിശ്ചിതാവസ്ഥ.
ശിവരാജിനോടുള്ള വിരുദ്ധവികാരം തടയാൻ ദേശീയ നേതൃത്വത്തിൽനിന്ന് കെട്ടിയിറക്കിയ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ തന്റെ ലോക്സഭ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തതിലുള്ള രോഷം പതഞ്ഞുപൊങ്ങുകയാണ്. സംസ്ഥാന സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരത്തിന് പുറമെ കേന്ദ്ര മന്ത്രിക്കെതിരായ വികാരം കൂടി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായ നിലയിലായി ദിംനിയിൽ ബി.ജെ.പി. മുൻ എം.എൽ.എയായ ബ്രാഹ്മണ നേതാവ് ദണ്ഡോതിയ ബി.എസ്.പി സ്ഥാനാർഥിയാകുകകൂടി ചെയ്തതോടെ തോമർ വീണ്ടും കുരുങ്ങി.
അതിനിടയിലാണ് പിതാവ് തോമറിന് പിന്നിൽനിന്ന് കോടികളുടെ ഇടപാട് നടത്തുന്ന മകൻ തോമറിന്റെ രണ്ട് വിഡിയോകൾ പുറത്തുവന്നത്. ബി.ജെ.പിയിലൂടെ കേന്ദ്രമന്ത്രിയായി വളർന്ന നരേന്ദ്ര സിങ് മധ്യപ്രദേശിൽ വാരിക്കൂട്ടിയ കോടികളുടെ സമ്പത്ത് നേരിട്ടുകാണുന്ന വോട്ടർമാർ വിഡിയോ അവിശ്വസിക്കാൻ തയാറായിരുന്നില്ല. ആദ്യം വൈറലായ രണ്ട് വിഡിയോകളിൽ സംസാരിക്കുന്നത് താനാണെന്ന വെളിപ്പെടുത്തലുമായി കാനഡയിലെ അബോട്സ്ഫോർഡിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്ന ജഗ്മാൻ ദീപ് സിങ് പുറത്തുവിട്ട മൂന്നാം വിഡിയോ മധ്യപ്രദേശിലെ വോട്ടർമാരുടെ സംശയത്തിന് വീണ്ടും ബലമേകി. തോമറിന്റെ മകൻ വിഡിയോയിൽ പറയുന്നതുപോലെ ഇടപാട് 500 കോടിയുടേതല്ലെന്നും 1000 കോടിയുടേതാണെന്നും അത് കാനഡയിൽ കഞ്ചാവ് കൃഷിക്കായി 100 ഏക്കർ ഭൂമി വാങ്ങാനുള്ളതാണെന്നും ജഗ്മാൻ സിങ്ങ് പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കണ്ട് ഇൻഡ്യ സഖ്യം ബി.ജെ.പിക്കെതിരെ ഇറക്കിയ ജാതി സെൻസസ് വോട്ടർമാർക്കിടയിൽ ഒരു ചർച്ചയേ ആയിട്ടില്ല. ജാതി സെൻസസ് നടത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചും മധ്യപ്രദേശിലെ ഒ.ബി.സി ഉദ്യോഗസ്ഥരുടെ എണ്ണം പറഞ്ഞും രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളും കോൺഗ്രസ് നേതാക്കൾപോലും ഏറ്റുപിടിച്ചിട്ടുമില്ല. മണ്ഡലങ്ങളിലെ ജാതി സമവാക്യങ്ങൾ നോക്കി സ്ഥാനാർഥി നിർണയം നടത്തിയ ശേഷം സംഭവിക്കുന്ന പിന്നാക്ക-മുന്നാക്ക ധ്രുവീകരണം കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാകും കോൺഗ്രസും ഇതൊരു ചർച്ചയാക്കാൻ മടിച്ചു. ആദിവാസി ജനസംഖ്യ 30 ശതമാനത്തോളമുള്ള മധ്യപ്രദേശിൽ അവർക്ക് പിന്നാലെ ഇരു പാർട്ടികളും കൂടിയിട്ടുണ്ട്.
വോട്ടർമാർക്കിടയിൽ പ്രധാനമായും ചർച്ചയായത് ബി.ജെ.പിയും കോൺഗ്രസും പ്രഖ്യാപിച്ച ഗ്യാരന്റികളാണ്. തങ്ങളുടെ ഗ്യാരന്റികൾ കോപ്പിയടിക്കുകയാണ് ശിവരാജ് ചെയ്തതെന്നാണ് കോൺഗ്രസിന്റെ പരാതി. ലാഡ്ലി ബഹൻ പദ്ധതിയിലൂടെ 21 വയസ്സായ ഓരോ സ്ത്രീക്കും കോൺഗ്രസ് 1500 രൂപ പ്രഖ്യാപിച്ചപ്പോൾ 3000 രൂപ നൽകുമെന്നായി ബി.ജെ.പി. കോൺഗ്രസ് 500 രൂപക്ക് തരാമെന്ന് പറഞ്ഞ ഗ്യാസ് സിലിണ്ടറിന് 50 രൂപ കൂടി കുറച്ച് ബി.ജെ.പി 450 രൂപയാക്കി. പ്രചാരണത്തിനൊടുവിലും നഗര വോട്ടർമാർ ബി.ജെ.പിക്കൊപ്പവും ഗ്രാമീണരും കർഷകരും എതിരിലും നിൽക്കുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.