ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. ഇ.ഡി അറസ്റ്റിന് ആധാരമായ അനധികൃത പണമിടപാട് തടയൽ നിയമത്തിലെ 19(1) വകുപ്പ് പ്രകാരം അറസ്റ്റിന്റെ നിയമസാധുത പരിശോധിക്കുമ്പോൾ കോടതി ‘അറസ്റ്റിന്റെ ആവശ്യകത’ കൂടി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശാല ഭരണഘടനാ ബെഞ്ചിന്റെ തീർപ്പിന് വിടുകയും ചെയ്തു.
അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയും എ.എ.പിയുടെ മുതിർന്ന നേതാവുമാണ്. ഏറ്റവും ഉയർന്നതും സ്വാധീനമുള്ളതുമായ പദവി വഹിക്കുന്ന വ്യക്തിയായതിനാൽ ഞങ്ങൾ വളരെ ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. അതിനാൽ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ഞങ്ങൾ ഒരു നിർദേശവും നൽകിയില്ല. കാരണം ജനങ്ങൾ തെരഞ്ഞെടുത്ത ഒരു നേതാവിനെ പുറത്താക്കാനോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിരിക്കുന്ന ഒരാൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കരുത് എന്ന് നിർദേശം നൽകാനോ കോടതിക്ക് അധികാരമുണ്ടോ എന്ന് സംശയിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ തീരുമാനം കെജ്രിവാളിന് വിടുകയാണ്.-എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
മദ്യനയക്കേസിൽ അറസ്റ്റിലായതു മുതൽ കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രധാനമായും ബി.ജെ.പി നേതാക്കളാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. എന്നാൽ ആ ആവശ്യം തള്ളുകയായിരുന്നു ആം ആദ്മി പാർട്ടി. കേസിൽ ശിക്ഷിക്കപ്പെട്ടയാളല്ല മുഖ്യമന്ത്രി എന്നും അദ്ദേഹത്തിന് എതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബി.ജെ.പിക്ക് പാർട്ടിയുടെ മറുപടി. ഇതുസംബന്ധിച്ച് നിരവധി പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയുടെയും ഡൽഹി ഹൈകോടതിയുടെയും മുമ്പാകെ വരികയും ചെയ്തിരുന്നു. എന്നാൽ ഈ ഹരജികൾക്ക് ഒരുതരത്തിലുമുള്ള നിയമസാധുതയുമില്ലെന്ന് പറഞ്ഞ് അപേക്ഷ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചപ്പോഴും രാജിവെക്കില്ലെന്നായിരുന്നു കെജ്രിവാളിന്റെ നിലപാട്. അങ്ങനെ ചെയ്താൽ പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെക്കാനുള്ള ആയുധമായി കേന്ദ്രസർക്കാർ ഇതുപയോഗിക്കുമെന്നും കെജ്രിവാൾ വാദിക്കുകയുണ്ടായി. മുഖ്യമന്ത്രി പദം എന്നത് തന്നെ സംബന്ധിച്ച് പ്രധാനമല്ല. എന്നാൽ കെട്ടിച്ചമച്ച കേസിനെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.