ഇന്ധനവില വർധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് തട്ടിക്കയറി ബാബ രാംദേവ്

ന്യൂഡൽഹി: വാർത്താസമ്മേളനത്തിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ബാബാ രാംദേവ്. ഇന്ധനവില കുറക്കുന്നതിനെക്കുറിച്ചുള്ള രാംദേവിന്‍റെ മുൻനിലപാടുകളെക്കുറിച്ച് ഓർമിപ്പിച്ചപ്പോഴാണ് കാമറക്ക് മുന്നിൽ രാംദേവ് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചത്.

ഹരിയാനയിലെ കർണാലിലായിരുന്നു സംഭവം. 'പെട്രോൾ വില 40 രൂപയും പാചകവാതക വില സിലിണ്ടറിന് 300 രൂപയും ഉറപ്പ് നൽകുന്ന സർക്കാറിനെ വേണമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന' രാംദേവിന്‍റെ പഴയ പ്രസ്താവനയെക്കുറിച്ചായിരുന്നു ചോദ്യം.

മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് വളരെ ക്ഷുഭിതനായാണ് പതഞ്ജലി ബ്രാൻഡ് അംബാസഡറായ രാംദേവ് പ്രതികരിച്ചത്. 'അതെ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിനക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഇനി ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചുപോകരുത്. നീ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാനുള്ള ബാധ്യതയൊന്നും എനിക്കില്ല'- രാംദേവ് പറഞ്ഞു.

മാധ്യമപ്രവർത്തകൻ പക്ഷെ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. അതോടെ രാംദേവ് പൊട്ടിത്തെറിക്കുകയായിരുന്നു.

'മിണ്ടാതിരിക്ക്.. ഇനിയും ഈ ചോദ്യം ചോദിച്ചാൽ നിനക്ക് നല്ലതിനാകില്ല. നീ മാന്യരായ മാതാപിതാക്കൾക്ക് ജനിച്ച മകനാണെന്ന് കരുതുന്നു. ഇതുപോലെ ഇനി സംസാരിക്കാരുത്'- രാംദേവ് പറഞ്ഞു.

'ഇന്ധനവില കുറഞ്ഞാൽ സർക്കാരിന് ടാക്സ് ലഭിക്കില്ല. പിന്നെ അവർ എങ്ങനെയാണ് രാജ്യം ഭരിക്കുക? ശമ്പളം എങ്ങനെ കൊടുക്കും? എങ്ങനെ റോഡുകൾ നിർമിക്കും?'

ഇന്ധന വില കൂടിയാൽ പണപ്പെരുപ്പം വർധിക്കും. ശരിയാണ്. ജനങ്ങൾ കൂടുതൽ അധ്വാനിക്കണം. നാല് മണിക്ക് എഴുന്നേറ്റ് രാത്രി 10 മണി വരെ ജോലി ചെയ്യണം. - ഇതായിരുന്നു ഇന്ധനവില വർധനവിനെക്കുറിച്ചുള്ള യോഗഗുരുവിന്‍റെ പ്രതികരണം. 



Tags:    
News Summary - Shut Up, Won't Be Good For You-: Ramdev To Reporter On Fuel Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.