ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ കോൺഗ്രസ് പ്രചാരണം സജീവമാക്കുന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒരുമിച്ച് നടത്തിയ ‘പ്രജ ധ്വനി’ കാമ്പയിനിനുശേഷം ഫെബ്രുവരി മൂന്നു മുതൽ ഇരുവരും വെവ്വേറെ പ്രചാരണ ബസ്യാത്രകൾ നടത്തും.
മുൻ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യ വടക്കൻ കർണാടകയിലൂടെയാണ് ബസ് യാത്ര നടത്തുന്നത്. ശിവകുമാറിന്റെ യാത്ര തെക്കൻ കർണാടകയിലാണ്. വിവിധ നിയോജക മണ്ഡലങ്ങളിൽ യാത്രാസംബന്ധമായ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടവരുടെ പട്ടിക ജനുവരി 29ന് കെ.പി.സി.സി പുറത്തിറക്കിയിരുന്നു. പ്രതിപക്ഷനേതാവും കോൺഗ്രസ് പ്രസിഡന്റും തമ്മിൽ പോര് രൂക്ഷമാണെന്ന ആരോപണം നിലനിൽക്കെയാണ് ഇരുവരും ഒരുമിച്ച് ബെളഗാവിയിൽനിന്ന് ജനുവരി 11 മുതൽ ‘പ്രജധ്വനി’ യാത്ര നടത്തിയത്. ഇരുവരും വെവ്വേറെ യാത്ര നടത്തുമെന്ന് അന്നുതന്നെ പാർട്ടി അറിയിച്ചിരുന്നു.
വടക്കൻ മേഖലകളിൽ സിദ്ധരാമയ്യക്ക് വൻ ജനസമ്മതിയാണുള്ളത്. ബിദർ ജില്ലയിലെ ബസവകല്യാണിൽനിന്നാണ് അദ്ദേഹത്തിന്റെ യാത്ര തുടങ്ങുക. ഫെബ്രുവരി മൂന്നു മുതൽ 13 വരെയാണ് യാത്ര. 12ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വര സ്ഥാപിച്ച അനുഭവ മണ്ഡപയിൽ സന്ദർശനം നടത്തി ബസവേശ്വരയുടെ പ്രതിമയിൽ അഭിവാദ്യം അർപ്പിച്ചതിനു ശേഷമായിരിക്കും അദ്ദേഹം പൊതുയോഗത്തിൽ സംസാരിക്കാനെത്തുക. ബിദർ, കലബുറഗി, വിജയപുര ജില്ലകളിൽ നിയോജക മണ്ഡലം തല പൊതുസമ്മേളനങ്ങളും നടത്തും.
ഫെബ്രുവരി മൂന്നിന് തുടങ്ങി ഒമ്പതിനാണ് ശിവകുമാറിന്റെ യാത്ര അവസാനിക്കുക. പ്രശസ്തമായ കുറുദുമല മഹാ ഗണപതിക്ഷേത്രത്തിൽ പൂജ നടത്തിയതിനു ശേഷമാണ് മുൽബാഗിലുവിൽനിന്ന് യാത്ര തുടങ്ങുക. കോലാർ, ചിത്രദുർഗ, ബംഗളൂരു റൂറൽ, ശിവമൊഗ്ഗ ജില്ലകളിലെ നിയോജക മണ്ഡലം പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ യാത്ര പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.