ബി.ജെ.പി എം.എൽ.എയുടെ അഴിമതി: മോദി മൗനം പാലിക്കുന്നത്, പങ്ക് ലഭിക്കുന്നത് കൊണ്ടാണോയെന്ന് സിദ്ധരാമയ്യ

ബംഗളുരു: ലോകായുക്ത നൽകിയ അഴിമതിക്കേസിൽ ബി.​ജെ.പി എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ.

ബംഗളൂരു- മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ വിമർശനം. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി.ജെ.പി എം.എൽ.എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം. എൽ.എമാർ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കർണാടക മുൻ മുഖ്യമന്ത്രി പരിഹസിച്ചു.

കർണാടകയിലെ മാണ്ഡ്യ, ധാർവാഡ് ജില്ലകൾ സന്ദർശിക്കുന്നതിനിടെയാണ് മുൻ കർണാടക മുഖ്യമന്ത്രി, തുടർച്ചയായ ട്വീറ്റുകളിലൂടെ മോദിയെ പരിഹസിച്ചത്. മേയിലാണ് സംസ്ഥാനത്ത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയായിരുന്നു ബി.ജെ.പിയുടെ തലപ്പത്തെങ്കിൽ അഴിമതി വച്ച് പൊറുപ്പിക്കില്ലായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക സോപ്സുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കളുടെ വിതരണത്തിന് കോൺട്രാക്റ്ററിൽ നിന്ന് 81 ലക്ഷം കൈക്കൂലി ചോദിച്ച കേസിൽ എം.എൽ. എയുടെ മകൻ അറസ്റ്റിലായത് കർണാടകത്തിൽ വൻ രാഷ്ട്രീയ വിവാദമായിരുന്നു.

ഇതിനിടെ, കർണാടകയിൽ കോൺഗ്രസ് തിരിച്ചു വരുമെന്ന് സൂചന നൽകി സർവെ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവെ പറയുന്നത്. 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോൾ സര്‍വെ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ എസിനു 21-27 സീറ്റും മറ്റു പാർട്ടികൾക്കു നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.

കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും.

അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.


Tags:    
News Summary - Siddaramaiah slams PM Modi over silence on BJP MLA bribery case in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.