സിദ്ധരാമയ്യ എതിർ ശബ്ദങ്ങളെ ഭയന്നു; താനായിരുന്നെങ്കിൽ പദ്ധതി നടപ്പാക്കുമായിരുന്നെന്ന് ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടക നിയമ സഭയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ പരാമർശവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കഴിഞ്ഞ തവണ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിഷേധം ഭയന്ന് ചെയ്യാതിരുന്ന പദ്ധതികൾ താനായിരുന്നെങ്കിൽ ചെയ്തിരുന്നേനെയെന്നാണ് ശിവകുമാർ പറഞ്ഞത്. കെംപഗൗഡ ഒന്നാമന്റെ ജൻമവാർഷികാ​ഘോഷ പരിപാടിയെ സംബന്ധിച്ച ചർച്ചക്കിടെയാണ് ശിവകുമാറിന്റെ വിവാദ പരാമർശം.

മേൽപ്പാലങ്ങളും തുരങ്ക പാതകളും നിർമിക്കണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിക്കുന്നത്. അത്തരം പദ്ധതികൾ നടപ്പാക്കുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടാനുണ്ട്. 2017ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും നഗര വികസന മന്ത്രി കെ.ജെ. ജോർജും സ്റ്റീൽ മേൽപ്പാലങ്ങൾക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് അവ നിർമിച്ചില്ല. എന്നാൽ ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, പ്രതിഷേധക്കാരുടെ ശബ്ദങ്ങളെ ഭയന്നിരിക്കില്ലായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുമായായിരുന്നു. - ശിവകുമാർ പറഞ്ഞു.

കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനം കൂടി വഹിക്കുന്ന ശിവകുമാറിന്റെ പരാമർശം നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

നേരത്തെ, കർണാടകയിൽ കോൺഗ്രസ് മിന്നുന്ന വിജയം നേടിയെങ്കിലും സിദ്ധരതാമയ്യയും ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ചിരുന്നു. ഒടുവിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തത്.

അതേസമയം, ഉപമുഖ്യമന്ത്രിയുടെ പരാമർശം സംബന്ധിച്ച്, സിദ്ധരാമയ്യ ഭയന്ന് പിൻമാറിയെന്ന് കരുതുന്നില്ലെന്ന് മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ‘സിദ്ധരാമയ്യ ഭയന്നു പിൻമാറിയെന്ന് ഞാൻ കരുതുന്നില്ല. മുഖ്യമന്ത്രിയാകുമ്പോൾ പൊതുജനാഭിപ്രായത്തിന് ഊന്നൽ നൽ​കേണ്ടി വരും. ചിലപ്പോൾ തെറ്റായ വിവരണങ്ങൾ വ്യാപിക്കുകയും ശരിയായ തീരുമാനങ്ങൾ വൈകുകയും ചെയ്യും. ഇതാണ് ഉപ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് ഞാൻ കരുതുന്നത്.’ - പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി

Tags:    
News Summary - "Siddaramaiah Was Scared, If It Were Me...": DK Shivakumar Sparks Buzz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.