ന്യൂഡൽഹി: സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സതീന്ദർജിത്ത് എന്നറിയപ്പെടുന്ന ഗോൾഡി ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഫരീദ്കോട്ടിൽ രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് മൂസ വാലയുടെ കൊലപാതകത്തിന് 10 ദിവസം മുമ്പ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് ആവശ്യപ്പെട്ടതായി പഞ്ചാബ് പൊലീസ് പറഞ്ഞു. എന്നിരുന്നാലും, മൂസ വാലയുടെ കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം മെയ് 30ന് മാത്രമാണ് പഞ്ചാബ് പൊലീസ് റെഡ് കോർണർ നോട്ടീസ് ആവശ്യപ്പെട്ടതെന്ന് ഇന്റർപോൾ ലെയ്‌സൺ ഏജൻസി സി.ബി.ഐ പ്രസ്താവന ഇറക്കി.
2020 നവംബറിലും 2021 ഫെബ്രുവരിയിലുമാണ് ഗോൾഡി ബ്രാറിനെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസുകൾ രജിസ്റ്റർ ചെയ്തത്.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ തോക്കുകളുടെ വിതരണം, കൊലപാതകശ്രമം, നിയമവിരുദ്ധ തോക്കുകളുടെ വിതരണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഇന്റർപോൾ നോട്ടീസിൽ പറയുന്നു.
മെയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിൽ 28കാരനായ ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ വാലയെ ചില അജ്ഞാത അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. പഞ്ചാബിലെ ആപ് സർക്കാർ സുരക്ഷ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊല.
പഞ്ചാബിലെ മുക്ത്‌സർ സാഹിബിൽ ജനിച്ച ഗോൾഡി ബ്രാർ (28) 2017ൽ വിദ്യാർഥി വിസയിൽ കാനഡയിലേക്ക് പോയിരുന്നു. കൊലപാതകക്കേസിലെ മുഖ്യ സൂത്രധാരനായി അറിയപ്പെടുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.