ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചതിനു പിന്നാലെ, ബി.ജെ.പി സഖ്യം തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് ശിരോമണി അകാലിദൾ. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി സഖ്യം അവസാനിപ്പിക്കണമെന്ന സമ്മർദം കർഷക സംസ്ഥാനമായ ഹരിയാനയിലെ ജൻനായക് ജനത പാർട്ടിയും നേരിടുകയാണ്.
എന്നാൽ, നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്. ലോക്സഭ പാസാക്കിയ മൂന്ന് ബില്ലുകളുമായി രാജ്യസഭയിലേക്ക് നീങ്ങുകയാണ് സർക്കാർ. സഖ്യകക്ഷികളുടെ കൂടി എതിർപ്പ് നേരിടുന്നതിനാൽ രാജ്യസഭയിൽ ബിൽ പാസാക്കുന്നത് ബി.ജെ.പിക്ക് കൂടുതൽ ശ്രമകരമായി. ശിരോമണി അകാലിദളിെൻറ പ്രതിഷേധം വകവെച്ചില്ലെങ്കിൽ, പഞ്ചാബിലെ ദീർഘകാല സഖ്യകക്ഷിയെ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് ബി.ജെ.പി.
യഥാർഥത്തിൽ ശിരോമണി അകാലി ദളിെൻറ പ്രതിഷേധം, വൈകി മാത്രം ഉണ്ടായ നടപടിയാണ്. പാർലമെൻറ് സമ്മേളനം വിളിക്കാൻ വൈകുമെന്നതിനാൽ ജൂൺ അഞ്ചിനുതന്നെ ഈ മൂന്നു നിയമ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ ഇറക്കിയിരുന്നു. അതുവഴി, ബില്ലിലെ വ്യവസ്ഥകൾ ഇതിനകം പ്രാബല്യത്തിലായി. അന്നു പ്രതിഷേധിച്ചില്ല. എന്നാൽ, കർഷകരോഷം വളരുന്നതിനു നേരെ കണ്ണടക്കാൻ കഴിയാത്ത നിർബന്ധിതാവസ്ഥയിലാണ് കേന്ദ്രമന്ത്രിയുടെ രാജി.
ഭരണസഖ്യത്തിൽ തുടർന്ന് രാജിവെച്ചത് രാഷ്ട്രീയ നാടകമാണെന്ന വിമർശനം മുറുകിയതുകൊണ്ടാണ് മുന്നണിബന്ധം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യസഭയിൽ ബില്ലവതരണം നീട്ടിവെക്കുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. എന്നാൽ, ഓർഡിനൻസ് പാഴാകുന്ന സ്ഥിതിയാണ് അതുവഴി ഉണ്ടാവുക. അതിനു തയാറല്ലെന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നുതന്നെ ഉണ്ടായി. ബില്ലുകളുടെ കാര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് മോദി വെള്ളിയാഴ്ച പ്രസംഗിച്ചത്.
ഒന്നര വർഷത്തിനു ശേഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിൽ, പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം നിന്ന് അടിത്തറ നിലനിർത്താനുള്ള ശ്രമമാണ് ശിരോമണി അകാലിദൾ നടത്തുന്നത്. പല വെല്ലുവിളി ഘട്ടങ്ങളും അതിജീവിച്ചു നിലനിന്ന മുന്നണി ബന്ധം കാര്യമാക്കാതെ ബി.ജെ.പി നീങ്ങുന്നത് അവരെ അമ്പരപ്പിക്കുന്നുണ്ട്. ദളിെൻറ ആശ്രിതർ എന്നതിനപ്പുറം, ഹിന്ദു വോട്ട്ബാങ്ക് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
പ്രകാശ് സിങ് ബാദലിൽ നിന്ന് സുഖ്ബീർ സിങ് ബാദലിലേക്ക് ദളിെൻറ നേതൃത്വം മാറിയ ശേഷമുള്ള സഖ്യകക്ഷി ബന്ധങ്ങളുടെ സ്ഥിതി കൂടിയാണ് ഇപ്പോൾ പ്രതിഫലിക്കുന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ, കർഷക വിഷയത്തിൽ രണ്ടു സഖ്യകക്ഷികളെ നഷ്ടപ്പെടുന്ന സ്ഥിതി ബി.ജെ.പിക്ക് തിരിച്ചടിയാണ്. വിശദീകരിക്കാനും ന്യായീകരിക്കാനും പ്രയാസപ്പെടുത്തുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.