തിരുവനന്തപുരം: വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കെ.ടി.യു വി.സി സിസ തോമസിന് കുറ്റാരോപണ മെമ്മോ. സർക്കാറിന്റെ അനുമതിയില്ലാതെ കെ.ടി.യു വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നൽകിയത്. അതേസമയം, സിസക്കെതിരെ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകൾ നടത്തുന്നതിൽ വീഴ്ചയുണ്ടായി, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നും മെമ്മോയിൽ പറയുന്നുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നൽകണം.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സിസ തോമസിനെ സർക്കാർ നീക്കിയിരുന്നു. പകരം പദവി നൽകിയില്ല. എന്നാൽ, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. തുടർന്ന്, ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി സിസയെ നിയമിച്ചു.
യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വിസി എം.എസ്.രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനു പിന്നാലെ സർക്കാർ നൽകിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവർണർ വിസിയായി നിയമിച്ചത്. സിസ വിരമിക്കുന്നതിനാൽ, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ.സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.