ന്യൂഡൽഹി: ഡല്‍ഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ റോസ് അവന്യു കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യാനായി മാർച്ച് നാലുവരെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐയുടെ ആവശ്യം ജസ്റ്റിസ് എം.കെ. നാഗ്പാല്‍ അംഗീകരിക്കുകയായിരുന്നു. എക്സൈസ് നയം തിരുത്തുന്നതിന് മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സിസോദിയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി കണ്ടെത്തിയെന്ന് കോടതിയിൽ സി.ബി.ഐ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി സഹകരിക്കുന്നില്ല. തെളിവുകള്‍ നിരത്തിയശേഷവും യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെക്കുകയാണ്. പലതവണ ഫോണ്‍ മാറ്റി. മദ്യനയം സംബന്ധിച്ച കരടില്‍ ലാഭവിഹിതം അഞ്ചില്‍നിന്ന് 12 ശതമാനമായി വര്‍ധിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു.
2021ലെ മദ്യനയത്തിന് പരാതിക്കാരനായ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ലഭിച്ചതാണെന്നും റിമാന്‍ഡ് ചെയ്യണമെന്ന സി.ബി.ഐ വാദം നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സിസോദിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ച മൂന്ന് ഫോണുകള്‍ നഷ്ടപ്പെട്ടു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണമുണ്ടാകുമെന്ന് കരുതി ഫോണ്‍ സൂക്ഷിച്ചുവെക്കാൻ കഴിയില്ല. ചോദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന മറുപടി നല്‍കുന്നില്ലെന്ന കാരണത്താലാണ് സി.ബി.ഐ ചോദ്യംചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത്തരം അപേക്ഷകള്‍ അംഗീകരിക്കുന്നത് നീതിയുടെ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.