ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. ശനിയാഴ്‌ച പകൽ 11 മുതൽ മൂന്ന് വരെ സി.പി.എം ആസ്ഥാനമായ, ഡൽഹി ഗോൾ മാർക്കറ്റിലെ എ.കെ.ജി ഭവനിൽ പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹം വൈദ്യശാസ്‌ത്ര പഠനത്തിനായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറും. ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു.
കേരളത്തിലെ പാർടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകിയ നേതാവായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ, മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേർപാടിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർടി പതാക താഴ്ത്തിക്കെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.