വിമാന ജീവനക്കാരന് നേരെ കൈയേറ്റം: തെലുങ്കുദേശം എം.പിക്ക് യാത്രാവിലക്ക്

വിശാഖപട്ടണം: വിമാനകമ്പനി ജീവനക്കാരോട് മോശമായി പെരുമാറിയ തെലുങ്കുദേശം പാർട്ടി എം.പി ദിവാകർ റെഡ്ഡിക്ക് ഇൻഡിഗോ അടക്കമുള്ള ആറു വിമാനകമ്പനികളുടെ യാത്രാവിലക്ക്. ഇൻഡിഗോ കൂടാതെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, ഗോ എയർ, വിസ്താര എയർലൈൻസ് എന്നീ കമ്പനികളാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. സംഭവത്തിൽ മാപ്പു പറയാതെ റെഡ്ഡിയുടെ യാത്ര വിലക്ക് പിൻവലിക്കില്ലെന്ന് വിമാനകമ്പനികൾ അറിയിച്ചു.

വിശാഖപട്ടണം വിമാനത്താവളത്തിലാണ് യാത്രാവിലക്കിന് വഴിവെച്ച സംഭവം നടന്നത്. രാവിലെ 8.10നുള്ള ഹൈദരാബാദ് വിമാനത്തിൽ പോകേണ്ട എം.പി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തത് വിമാനം പുറപ്പെടുന്നതിന് 28 മിനിറ്റ് മുൻപാണ് . ആഭ്യന്തര യാത്രക്ക് 45 മിനിറ്റ് മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. വൈകിയെത്തിയ എം.പിയോട് ബോർഡിങ് പൂർത്തിയായെന്ന് ജീവനക്കാരൻ അറിയിച്ചതോടെ വാക്കേറ്റമായി.

അക്രമാസക്തനായ എം.പി കൗണ്ടറിലെ പ്രിന്‍റർ എടുത്തു നിലത്തെറിയുകയും പിടിച്ചു തള്ളുകയും ചെയ്തെന്ന് ജീവനക്കാർ പരാതിയിൽ പറയുന്നു. സംഭവം നിയന്ത്രണം വിട്ടതോടെ എം.പിയെ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ അധികൃതർ അനുവദിച്ചു. കൂടാതെ ഇനി മുതൽ തങ്ങളുടെ വിമാനങ്ങളിൽ കയറ്റില്ലെന്ന് ഇൻഡിഗോ അറിയിക്കുകയും തീരുമാനത്തെ മറ്റ് കമ്പനികൾ പിന്തുണക്കുകയുമായിരുന്നു.

ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പു പറയില്ലെന്നും ദിവാകർ റെഡ്ഡി പറഞ്ഞു. സ്വകാര്യ വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് എം.പി ആരോപിച്ചു. 

അതേസമയം, ദിവാകർ റെഡ്ഡിക്ക് ബോർഡിങ് പാസ് ലഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു ഇടപെട്ടതായി വാർത്തയുണ്ട്. എന്നാൽ, തെറ്റായ വാർത്തയാണെന്നും ഒരു തരത്തിലുമുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നും ഗണപതി രാജു ട്വീറ്റ് ചെയ്തു. 

2016ൽ വിജയവാഡ വിമാനത്താവളത്തിലെ എയർഇന്ത്യ ഓഫീസിലും ദിവാകർ റെഡ്ഡി വഴക്കുണ്ടാക്കിയതായി പരാതിയുണ്ട്.
        

Tags:    
News Summary - six airlines bar TDP MP Diwakar Reddy from flying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.