ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും ആറ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായും 303 മൃഗങ്ങൾ ചത്തതായും ദുരന്ത നിവാരണ സമിതി പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ ചന്ദ് ശർമ പറഞ്ഞു. വിനോദസഞ്ചാരികളടക്കം 200ലധികം ആളുകൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയിൽ 15 കിലോമീറ്റർ ദൂരത്തിൽ ഗതാഗതതടസ്സം രൂപപ്പെട്ടു.
ചണ്ഡിഗഢ്-മണാലി ദേശീയപാതയിലാണ് വൻ ഗതാഗതതടസ്സം രൂപപ്പെട്ടത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരടക്കം ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. സമീപത്തെങ്ങും ഭക്ഷണത്തിനോ താമസത്തിനോ ഹോട്ടലുകൾപോലും ഇല്ലാത്ത ഭാഗത്താണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.
ഞായറാഴ്ച വൈകീട്ടുമുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. മാണ്ഡിയില്‍ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടിയത്. റോഡിലേക്ക് വൻ പാറകളും മറ്റും വീണതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. 15 കിലോമീറ്റർ വാഹനങ്ങളുടെ നീണ്ട നിരയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മാണ്ഡിയുടെ വിവിധയിടങ്ങളില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഫോടകവസ്തുക്കളും മറ്റുമുപയോഗിച്ച്, ദേശീയപാതയിൽ വീണുകിടക്കുന്ന പാറക്കഷണങ്ങള്‍ പൊട്ടിച്ചുനീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
കനത്ത മഴ, മിന്നല്‍ സാധ്യതയുള്ളതിനാല്‍ ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.