രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയത് ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടിയെന്ന് ബി.ജെ.പി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയു​ടെ അപ്പീൽ തള്ളിയ സൂറത്ത് സെഷൻസ് കോടതി ഉത്തരവ് ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടിയെന്ന് ബി.ജെ.പി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഒരു കുടുംബത്തിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും കോടതി വിധി തെളിയിച്ചുവെന്നും ബി.ജെ.പി പറഞ്ഞു.

മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയാണ് രാഹുൽഗാന്ധി അപ്പീൽ നൽകിയത്. സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകിയിരുന്നത്.

‘അപ്പീൽ കോടതിയുടെ തീരുമാനം ഇന്ന് വന്നു. രാജ്യത്താകമാനം സന്തോഷത്തിന്റെ അന്തരീക്ഷമാണുള്ളത്. രാഹുൽ ഗാന്ധി അപമാനിച്ച പിന്നാക്ക സമുദായങ്ങൾക്കും സന്തോഷത്തിന്റെ സമയമാണ്. ഇതെല്ലാം ചെയ്തിട്ടും അതിൽ നിന്ന് രക്ഷപ്പെടാമെന്ന് ഗാന്ധി കുടുംബം കരുതി. അത് സംഭവിച്ചില്ല - ബി.ജെ.പി ദേശീയ വക്താവ് സാമ്പിത് പത്ര പറഞ്ഞു.

ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്താണ് പരാതി നൽകിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നുമായിരുന്നു രാഹുൽ കോടതിയെ ബോധിപ്പിച്ചത്.

എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു.

വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റാദ്ദാക്കിയിരുന്നു. അപ്പീൽ തള്ളിയതോടെ എം.പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇനി രാഹുലിന് ഗുജറാത്ത് ഹൈകോടതിയെ സമീപിക്കേണ്ടിവരും.

Tags:    
News Summary - "Slap on Gandhi family's face": BJP on Rahul Gandhi's plea dismissal in Surat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.