ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാചക വാതക വില 200 രൂപ കുറച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ''വോട്ട് ബാങ്ക് ചോർന്നുപോകുമോ എന്ന ഭയം കൊണ്ടാണ് ബി.ജെ.പി സർക്കാർ ഇപ്പോൾ പാചക വാതക വില കുറക്കാൻ തയാറായത്. കഴിഞ്ഞ ഒമ്പതര വർഷമായി ബി.ജെ.പി സർക്കാർ ജനങ്ങളെ നിഷ്‍കരുണം കൊള്ളയടിക്കുകയായിരുന്നു. അതിന്റെ പാപഭാരം ഇതുകൊണ്ടൊന്നും കഴുകിക്കളയാൻ പറ്റില്ല.''-ഖാർഗെ പറഞ്ഞു.
''വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ ഇതുപോലുള്ള തെരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണം ചെയ്യാൻ തുടങ്ങും. കരുണയില്ലാത്ത ബി.ജെ.പി സർക്കാർ ഒമ്പതര വർഷമായി ജനങ്ങളുടെ പണം ഊറ്റിയെടുക്കാൻ തുടങ്ങിയിട്ട്. 400 രൂപയിൽ നിന്ന് തുടങ്ങിയ പാചക വാതക സിലിണ്ടറിന്റെ വില 1100 രൂപയിലെത്തിച്ച് സാധാരണക്കാരന്റെ ജീവിതം നശിപ്പിച്ചു. പിന്നെ എന്തുകൊണ്ടാണ് മറ്റൊരു തലത്തിലുള്ള വാത്സല്യ സമ്മാനങ്ങളൊന്നും അവരുടെ മനസിൽ വരാഞ്ഞത്.''-ഖാർഗെ ചോദിച്ചു. സമൂഹമാധ്യമമായ എക്സിലായിരുന്നു ഖാർഗെയുടെ പ്രതികരണം.
ഇത്തരം തെരഞ്ഞെടുപ്പ് ലോലിപോപുകൾ നൽകിയിട്ട് കാര്യമില്ലെന്ന് കഴിഞ്ഞ ഒമ്പതര വർഷമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബി.ജെ.പി സർക്കാർ മനസിലാക്കണം. ഒരു ദശകത്തോളം നീണ്ട നിങ്ങളുടെ പാപഭാരങ്ങൾ കഴുകിക്കളയാനാവില്ല. ബി.ജെ.പി അതരിപ്പിച്ച റോക്കറ്റ് പോലെ കുതിക്കുന്ന പണപ്പെരുപ്പം നേരിടാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവങ്ങൾക്ക് 500 രൂപക്ക് സിലിണ്ടറുകൾ നൽകാൻ പോവുന്നു. രാജസ്ഥാൻ പോലുള്ള പല സംസ്ഥാനങ്ങിളിലും ഇത് നേരത്തേ കൊണ്ടുവന്നതാണ്.-ഖാർഗെ ചൂണ്ടിക്കാട്ടി.
200 രൂപയുടെ സബ്സിഡി കൊണ്ടൊന്നും രോഷാകുലരായ ജനങ്ങളുടെ കോപം ശമിപ്പിക്കാൻ കഴിയില്ല. 2024ൽ തീർച്ചയായും ജനം മറുപടി നൽകും. ഇൻഡയെ ഭയക്കുന്നത് നല്ലതാണ്. പണപ്പെരുപ്പം തടയാൻ ബി.ജെ.പിക്ക് പുറത്തേക്കുള്ള വാതിൽ കാണിക്കുകയാണ് ഏകവഴി.-ഖാർഗെ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ കുറക്കാൻ തീരുമാനിച്ചത്. അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളും വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.