ലഖ്നോ: അറവുശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാറിെൻറ തീരുമാനത്തിനെതിരെ അലഹബാദ് ഹൈകോടതി. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും അറവുശാലകൾക്ക് ലൈസൻസ് നൽകണമെന്നും ജസ്റ്റിസ് സാഹി, ജസ്റ്റിസ് സഞ്ജയ് ഹാർകൗളി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അറവുശാലകൾക്ക് ലൈസൻസ് നിഷേധിച്ചതിനെതിരെ മാംസ വ്യാപാരികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ താൽക്കാലിക ഉത്തരവ്.
ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കേണ്ടത് ഭരണകൂടത്തിെൻറ ബാധ്യതയാണ്. റദ്ദാക്കിയ അറവുശാലകളുടെ ലൈസൻസ് പുതുക്കുകയും പുതിയത് അനുവദിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ പത്തു ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണം. അറവുശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാൻ കഴിയില്ല. സർക്കാർ നടപടികളെ സംബന്ധിച്ച് ജൂലൈ 17ന് റിപ്പോർട്ട് നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ജൂലൈ 17ന് പരിഗണിക്കും.
മാർച്ച് 19 മുതലാണ് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ അറവുശാലകൾക്ക് നിരോധം ഏർപ്പെടുത്തിയത്. അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനെന്ന പേരിലായിരുന്നു വ്യാപകമായ അടച്ചുപൂട്ടൽ നടന്നത്. പ്രവർത്തിച്ചുകൊണ്ടിരുന്ന അറവുശാലകളുടെ ലൈസൻസ് റദ്ദാക്കുകയും പുതിയതിന് ലൈസൻസ് നൽകാതിരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മാംസവ്യാപാരികൾ സമരരംഗത്താണ്. മാംസവ്യാപാരികൾക്കുനേരെ വ്യാപക അക്രമവും അരങ്ങേറി. ഹൈകോടതിയുടെ താൽകാലിക ഉത്തരവ് മാംസവ്യാപാരികൾക്ക് ആശ്വാസവും സംസ്ഥാന സർക്കാറിന് തിരിച്ചടിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.