ഭുവനേശ്വർ: കഴിഞ്ഞദിവസം ഉറങ്ങിക്കിടക്കവെ കുരങ്ങ് എടുത്തുകൊണ്ടുപോയ 17 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയിൽ കിണറ്റിൽ കണ്ടെത്തി. ഒഡിഷയിലെ തലാബസ്ത ഗ്രാമത്തിലാണ് സംഭവം. വീട്ടിലെ കോലായയിൽ കൊതുകുവലക്കുള്ളിൽ ഉറങ്ങുകയായിരുന്ന ആൺകുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് കുരങ്ങ് തൂക്കിയെടുത്ത് കടന്നുകളഞ്ഞത്. അമ്മ ഒാടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഗ്രാമീണരും പൊലീസും വനം വകുപ്പ് ജീവനക്കാരുമെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് വീട്ടിനടുത്തുള്ള കിണറ്റിൽ കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ കിട്ടിയ ഉടൻതന്നെ കുരങ്ങ് കിണറ്റിൽ ഉപേക്ഷിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് ഇൻസ്പെക്ടർ വിശ്വരഞ്ജൻ സാഹു പറഞ്ഞു. തെൻറ ഒൗദ്യോഗികജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞിനെ കാണാതായത് മുതൽ പിതാവ് രാമകൃഷ്ണ നായക് തൊട്ടടുത്ത അമ്പലത്തിൽ പ്രാർഥനയിലായിരുന്നു. നായക് ദമ്പതികൾക്ക് ആദ്യ സന്താനത്തെയാണ് കുരങ്ങിെൻറ ക്രൂരതയിൽ നഷ്ടമായത്. ജനിച്ചത് മുതൽ കുഞ്ഞ് കരയാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. ഏതാനും ആഴ്ച മുമ്പ് ഗ്രാമത്തിലെ ഏതാനും സ്ത്രീകൾക്ക് കുരങ്ങിെൻറ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.