ന്യൂഡൽഹി: നോയിഡയിൽ നിശാപാർട്ടികളിൽ പാമ്പിന്‍റെ വിഷം വിതരണം ചെയ്തെന്ന പരാമർശത്തിൽ മൃഗസംരക്ഷണ പ്രവർത്തകയും ബി.ജെ.പി എം.പിയുമായ മനേക ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് യുട്യൂബറും ബിഗ് ബോസ് ജേതാവുമായ എൽവിഷ് യാദവ്. മനേക ഗാന്ധിയുടെ പരാമർശങ്ങൾ തന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് ഇത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവൻ എന്ന് തന്നെ വിശേഷിപ്പിച്ചുവെന്നും എൽവിഷ് യാദവ് പറഞ്ഞു. വ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"അവരെ ഞാൻ വെറുതെ വിടില്ല. ഇന്ന് ഞാൻ ഇത്തരം കാര്യങ്ങളില്ലാം ആക്ടീവാണ്. മുമ്പ് പലതും പലരും പറയുമായിരുന്നെങ്കിലും അതിനോട് പ്രതികരിച്ച് സമയം പാഴാക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. എന്നാൽ ഇന്ന് ചില പരാമർശങ്ങൾ തന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയിരിക്കുകയാണ്" യാദവ് പറഞ്ഞു.
തനിക്കെതിരെ വന്ന ആരോപണങ്ങൾ മുൻനിർത്തി തന്നെ വിലയിരുത്തരുതെന്നും എൽവിഷ് യാദവ് കാണികളോട് പറഞ്ഞു. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ ജനങ്ങൾ കാത്തിരിക്കണം. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട നിശാപാർട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും യാദവ് പറഞ്ഞു.
നേരത്തെ പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയെന്ന വാദങ്ങൾ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞിരുന്നു.
അതേസമയം എല്‍വിഷ് യാദവിനെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി ഉമേഷ് മിശ്ര അറിയിച്ചു. റിയാലിറ്റി ടിവി താരത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചെക്ക്പോയിന്റിൽ വെച്ച് ഒരു കാർ തടഞ്ഞ പൊലീസ്, കാർ പരിശോധിക്കുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ അകത്തുള്ളത് എൽവിഷാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കോട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നോയിഡ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ ഇപ്പോൾ കോട്ട പൊലീസ് വിട്ടയച്ചെന്നാണ് സൂചന.
ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും കണ്ടന്‍റ് ക്രിയേറ്ററും ആണ്. ഈ വർഷം സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് ഇയാൾ കൂടുതൽ പ്രശസ്തനായത്. 2016ൽ ‘ദി സോഷ്യൽ ഫാക്ടറി’ എന്ന ചാനലിലൂടെയാണ് എൽവിഷ് തന്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. ഫ്ലാഷ് ഫിക്ഷനെയും ഹ്രസ്വചിത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ യാദവ് പ്രധാനമായും പങ്കുവെച്ചിരുന്നത്. പിന്നീട് ഇതിന്റെ പേര് എൽവിഷ് യാദവ് എന്നാക്കി മാറ്റുകയായിരുന്നു. 14.5 ലക്ഷം സബ്സ്ക്രൈബേഴ്സ് എൽവിഷിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.