മുംബൈ: കോവിഡിെൻറ പിടിയിലമർന്ന് പതിയെ നിലച്ചു തുടങ്ങിയ ശ്വാസം ഇച്ഛാശക്തികൊ ണ്ട് വീണ്ടെടുത്ത് ജീവിതത്തിൽ തിരിച്ചെത്തിയ ആനന്ദത്തിലാണ് കല്യാണിലെ 38 കാരനായ സോഫ്റ്റ്വെയർ എൻജിനീയർ. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മാർച്ച് ആറിന് വീട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ രോഗമോ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഭാര്യക്കും മൂന്നും ഏഴും വയസ്സുകളുള്ള പെൺ മക്കൾക്കുമൊപ്പം കഴിഞ്ഞുവരവെ മൂന്നാം ദിവസം പനിവന്നു. പാരസെറ്റമോൾ പരീക്ഷിച്ചിട്ടും പനിമാറാത്തതിനാൽ അടുത്ത ദിവസം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു. പനിപോയ സന്തോഷത്തിൽ ഒാഫിസിലെ ശീതീകരിച്ച മുറിയിൽ എത്തിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്.
മണിക്കൂറിനകം കടുത്ത പനിയും തൊണ്ട വേദനയും ശ്വാസതടസ്സവും ഒന്നിച്ചുണ്ടായി. സംശയം തോന്നിയ ഡോക്ടർ നഗരസഭ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. അവരുടെ ആംബുലൻസിൽ കസ്തൂർബ ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഭാര്യയും മൂന്നു വയസ്സുകാരി മകൾക്കും രോഗമുണ്ട്. അവരും കസ്തൂർബയിലായി. അവരടുത്തു തന്നെയുണ്ടെന്ന ആശ്വാസത്തിലിരിക്കെ മാർച്ച് 19 ന് ആരോഗ്യ സ്ഥിതി വഷളായി. ശ്വാസം നിലക്കുന്നത് പോലെ.
വെൻറിലേറ്ററിെൻറ സഹായത്തോടെയായി പിന്നെ ശ്വസനം. ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്തും സംഭവിക്കാമെന്ന ആശങ്കയിൽ 10 ഒാളം ദിവസങ്ങൾ. ഒടുവിൽ ശ്വാസം വീണ്ടെടുത്ത് അയാൾ ജീവിതത്തിലേക്ക് തിരിച്ചുകയറി. ചൊവ്വാഴ്ച ആശുപത്രി വിട്ട് വീടെത്തുമ്പോൾ രോഗം മാറി തനിക്ക് മുമ്പെ വീടണഞ്ഞ ഭാര്യയും മകളും കാത്തുനിൽപ്പുണ്ടായിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ ചുഴിയിൽ നിന്ന് ഭാഗ്യത്തിന് ജീവിതത്തിലേക്ക് തെന്നി വീഴുകയായിരുന്നു താനെന്ന് ആ 38 കാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.