മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയെ മരിക്കും മുമ്പ് പ്രവേശിപ്പിച്ച നാഗ്പുരിലെ ആശുപത്രിയിൽ നടത്തിയതായി പറയുന്ന ഇ.സി.ജി റിപ്പോർട്ടിലും ദുരൂഹത. ലോയയുടെ ബന്ധുക്കൾ ‘കാരവനി’ലൂടെ നടത്തിയ വെളിപ്പെടുത്തലിെൻറ സത്യാവസ്ഥ അന്വേഷിച്ച പ്രമുഖ പത്രത്തിന് ലഭിച്ച ഇ.സി.ജി റിപ്പോർട്ടാണ് ദുരൂഹത ഏറ്റുന്നത്. ബന്ധുക്കൾ പറഞ്ഞതു പ്രകാരം ലോയക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് 2014 നവംബർ 30 അർധ രാത്രിക്ക് ശേഷമാണ്. അന്ന് രാത്രി 11ന് ലോയ ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. അർധ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ സഹ ജഡ്ജിമാർ കൊണ്ടുപോയത് നാഗ്പുരിലെ രവിഭവനു സമീപത്തെ ദാന്ദെ ആശുപത്രിയിലേക്കാണ്. അവിടെ അന്നേരം ഇ.സി.ജി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്നാണ് ലോയയുടെ ഡോക്ടറായ സഹോദരി അവകാശപ്പെട്ടത്.
ഇ.സി.ജി നടത്തി ലോയക്ക് ഹൃദയാഘാതമുള്ളതായി കണ്ടെത്തിയെന്നും വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെന്നുമാണ് ദാന്ദെ ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, ഇ.സി.ജി റിപ്പോർട്ടിലെ തീയതിയും സമയവും പേരും ദുരൂഹത വർധിപ്പിക്കുന്നു. 2014 നവംബർ 30ന് രാവിലെ 5.11 ആണ് റിപ്പോർട്ടിൽ കാണുന്ന സമയം. ബ്രിജ്ഗോപാൽ ലോയ എന്നതിന് പകരം ബ്രിജ് മോഹൻ എന്നാണ് റിപ്പോർട്ടിലെ പേര്. സാങ്കേതിക പിഴവാകാമെന്നാണ് ഇതേക്കുറിച്ച വിശദീകരണം.
ചികിത്സക്കിടെ മെഡിട്രിന ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ലോയയുടെ മരണം സംഭവിച്ചതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. വിവരമറിഞ്ഞ് അന്നത്തെ ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ അടക്കം എട്ട് ജഡ്ജിമാർ അവിടെ എത്തിയതായാണ് ജസ്റ്റിസ് ഭൂഷൺ ഗവായി പത്രത്തോട് പറഞ്ഞത്. േലായയുടെ മൃതദേഹത്തെ തെൻറ നിർദേശപ്രകാരം രണ്ട് ജൂനിയർ ഡിവിഷൻ ജഡ്ജിമാർ അനുഗമിച്ചതായും ജസ്റ്റിസ് ഗവായി പത്രത്തോട് പറഞ്ഞു. എന്നാൽ, ആംബുലൻസിനു പിന്നാലെ അവർ സഞ്ചരിച്ച കാർ വഴിമധ്യെ കേടുവന്നതിനാൽ മൃതദേഹം വീട്ടിലെത്തുമ്പോൾ ഒപ്പം എത്താനായില്ലെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.