തിരുവനന്തപുരം: ഒമ്പത് വർഷത്തിനുശേഷം ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ ‘വലയ സൂര്യഗ്രഹണം’ കേരളത്തിൽ ദൃശ്യമായി. വ്യാഴാഴ്ച രാവിലെ 8.04ഓടെയാണ് ഗ്രഹണം ആരംഭിച്ചത്. കേരളത്തിൽ ഗ്രഹണം ആദ്യം ദൃശ്യമായത് കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ്. തുടർന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി. ഗ്രഹണം 11.10വരെ നീണ്ടു. രാവിലെ 9.26 മുതല്‍ 9.30 വരെയാണ് ഗ്രഹണം അതിെൻറ പാരമ്യത്തിലെത്തിയത്. വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണവുമാണ് കാണപ്പെട്ടത്.
ചന്ദ്രന് സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവലയം മുഴുവന്‍ വളരെ കൃത്യതയുള്ളതായിരിക്കും.
കേരളത്തിൽ മുമ്പ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15നാണ്. കേരളത്തിൽ ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം ദൃശ്യമാകുക 2031 മേയ് 21നാണ്. പ്രപഞ്ചത്തിലെ അപൂർവ സുന്ദരകാഴ്ചകളിലൊന്നായ വലയ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലും കോട്ടയത്ത് ദേവമാത കോളജ് ഗ്രൗണ്ടിലും ചാലക്കുടിയിൽ പനമ്പള്ളി മെമ്മോറിയൽ കോളജ് ഗ്രൗണ്ടിലും നാദാപുരത്ത് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുമാണ് പ്രധാനമായും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങൾ പ്ലാനറ്റേറിയത്തിെൻറ ആഭിമുഖ്യത്തിൽ സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.